നീറ്റ് പരീക്ഷാ കേന്ദ്രത്തിലെ വിവാദ പരിശോധന: അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു

ഡൽഹി: നീറ്റ് പരീക്ഷാ കേന്ദ്രത്തിലെ വിവാദ പരിശോധന അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. അന്വേഷണ സമിതി ആയൂരിലെ കോളേജ് സന്ദര്‍ശിക്കും. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും തുടർനടപടി. നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് അധികൃതർ. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന വാദവുമായി പരീക്ഷ സെന്‍ററായി പ്രവർത്തിച്ച മാർത്തോമാ കോളേജും പരിശോധനയുടെ
ചുമതല ഉണ്ടായിരുന്ന ഏജൻസിയും രംഗത്തെത്തി.

അഞ്ച് വിദ്യാർത്ഥിനികൾ രേഖാമൂലം പരാതിപ്പെട്ടതോടെ അന്വേഷണം ഊര്‍ജിതമാക്കയി പൊലീസ് കോളേജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിദ്യാർത്ഥിനികളെ പരിശോധിക്കുന്ന ചുമതല എൻ ടി എ ഏൽപ്പിച്ചിരുന്നത് തിരുവനന്തപുരത്തെ സ്റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു. ഇവർ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാർ നൽകി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ ഉപകരാറുകാരൻ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെൺകുട്ടികളെ അവഹേളിച്ചത്. എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ സ്റ്റാർ ഏജൻസി പറയുന്നത്.

കുട്ടികൾ കരയുന്നത് കണ്ടപ്പോൾ തങ്ങളുടെ രണ്ട് വനിതാ ജീവനക്കാർ മാനുഷിക സഹായം നൽകുക മാത്രമാണ് ചെയ്‍തതെന്ന് പരീക്ഷാ സെന്‍റര്‍ ആയിരുന്ന ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി അധികൃതർ പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്‍പി ജി ഡി വിജയകുമാർ ആണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെ വനിതാ കമ്മീഷനും കേസെടുത്തു.

Top