വാഹനങ്ങള്‍ തടഞ്ഞു, ജോലിക്കെത്തിയവരെ തിരിച്ചയച്ചു; പണിമുടക്കിൽ സ്തംഭിച്ച് സംസ്ഥാനം

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി മാറി. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികള്‍ വാഹനഗതാഗതം തടഞ്ഞു. കടകള്‍ ബലമായി അടപ്പിച്ചു. കെ എസ്ആര്‍ടിസി വളരെ ചുരുക്കം മാത്രമാണ് സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി പ്രസ്താവിച്ചിരുന്നു.

പൊലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം കാരണം ഇവ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പലയിടത്തും സമരക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ അടക്കം തടയുകയാണ്. മിക്കയിടങ്ങളിലും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്.

കഞ്ചിക്കോട്ട് കിന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയയവരെ പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. പണിമുടക്ക് എന്തിനാണ് എന്നത് വിശദീകരിച്ച് തൊഴിലാളികളെ തിരിച്ചയക്കുക മാത്രമാണ് ചെയ്തതെന്നും ആരേയും നിര്‍ബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ തിരിച്ചയച്ചിട്ടില്ലെന്നും സമരക്കാര്‍ അവകാശപ്പെട്ടു.

ആശുപത്രികളിലേക്കും മറ്റും പോകുന്ന സ്വകാര്യ വാഹനങ്ങള്‍ ഒഴിച്ചാല്‍ കണ്ണൂരില്‍ മറ്റു വാഹനങ്ങളൊന്നും ഓടുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരം ആയതുകൊണ്ട് തന്നെ കണ്ണൂരില്‍ ശക്തമായ മുന്‍ കരുതലാണ് സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പോലീസിന്റെ പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീപ്പിലും ബൈക്കിലുമായി പെട്രോളിങും പോലീസും നടത്തുന്നുണ്ട്. തൊഴിലാളി യൂണിയനുകള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സമര കേന്ദ്രങ്ങള്‍ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സമരത്തെ അനുകൂലിക്കുന്ന ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് ചേര്‍ന്ന് രണ്ട് ദിവസവും കലാപരിപാടികളും മറ്റുമായി മുഴുവന്‍ സമയവും കേന്ദ്രങ്ങളില്‍ ഉണ്ടകുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

 

Top