ദേശീയപണിമുടക്ക് ; സമരാനുകൂലികള്‍ കടയിലെ ജീവനക്കാരനെ മര്‍ദിച്ചു

BEAT

കായംകുളം: ദേശീയപണിമുടക്ക് ദിനത്തില്‍ കായംകുളത്ത് വ്യാപാരസ്ഥാപനം അടപ്പിക്കാന്‍ ശ്രമം. തുറന്നിരുന്ന ഫര്‍ണ്ണീച്ചര്‍ കട അടക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സമരാനുകൂലികള്‍ കടയിലെ ജീവനക്കാരനെ മര്‍ദിച്ചു. സെന്റര്‍ പോയിന്റ് ഷോപ്പിംഗ് മാളിലുള്ള കടയിലെ ജീവനക്കാരനായ പീറ്ററിനെയാണ് സമരാനുകൂലികള്‍ മര്‍ദ്ദിച്ചത്.

ഇയാളെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. കായംകുളം നഗരത്തില്‍ തുറന്നിരുന്ന മറ്റ് വ്യാപാര സ്ഥാപനങ്ങളും സമരാനുകൂലികള്‍ അടപ്പിച്ചു.

കടകള്‍ തുറത്തതിനെ ചൊല്ലി മലപ്പുറം മഞ്ചേരിയിലുള്‍പ്പടെ വ്യാപാരികളും സമരക്കാരും തമ്മില്‍ സംഘര്‍ഷമായി. കൊച്ചിയിലും, കോഴിക്കോടും വ്യാപാരമേഖല സജീവമായപ്പോള്‍ തിരുവനന്തപുരത്ത് കടകള്‍ ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയാണ്.

കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കില്ലെന്ന സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകളുടെ പ്രഖ്യാപനം ആദ്യ മണിക്കൂറില്‍ തന്നെ പാളിയത് മലപ്പുറം മഞ്ചേരിയിലാണ്. വ്യാപാരികള്‍ കട തുറക്കുന്നതിനിടെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകളെത്തി. വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയും കടകള്‍ അടപ്പിക്കുകയുമായിരുന്നു. പൊലീസ് സംരക്ഷണം ലഭിച്ചില്ലെന്നായിരുന്നു വ്യാപാരികളുടെ പരാതി.

എന്നാല്‍ കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ സമരക്കാര്‍ ബലമായി അടപ്പിച്ചു. ജീവനക്കാരെ ഓഫീസുകളില്‍ നിന്ന് ഇറക്കി വിട്ടു.

Top