പണിമുടക്കിനിടെ ഉണ്ടായ അക്രമം ; ഇരുന്നൂറിലധികം പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: പണിമുടക്കിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേര്‍ക്കെതിരെ കേസെടുത്തു. ട്രെയിന്‍ തടഞ്ഞതിനും ബലമായി കടകള്‍ അടപ്പിച്ചതിനും സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊതുപണിമുടക്കിന്റെ ആദ്യ ദിവസം വ്യാപാരികള്‍ കടകള്‍ തുറന്നതിനേത്തുടര്‍ന്ന് മലപ്പുറം മഞ്ചേരിയില്‍ സംഘര്‍ഷമുണ്ടായി. സമരാനുകൂലികള്‍ സംഘടിച്ചെത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പണിമുടക്ക് അനുകൂലികള്‍ കടകളടപ്പിച്ചപ്പോള്‍ ഇവരെ തടയുന്നതിന് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞിരുന്നു.

രാവിലെ ഏഴ് മണിയോടെയാണ് മഞ്ചേരി മാര്‍ക്കറ്റിലെ നാലോ അഞ്ചോ കടകള്‍ തുറന്നത്. ഇതിന് പിന്നാലെ കടകളടക്കണമെന്ന ആവശ്യവുമായി സമരാനുകൂലികള്‍ എത്തി കടകള്‍ അടപ്പിച്ചിരുന്നു. എന്നാല്‍ രാവിലെ പത്ത് മണിയോടെ വീണ്ടും വ്യാപാരികള്‍ സംഘടിച്ച് കടകള്‍ തുറന്നു. പിന്നീട് വീണ്ടും സംഘം ചേര്‍ന്നെത്തിയ ഇവര്‍ വ്യാപാരികളെ മര്‍ദിക്കുകയും കടകളുടെ ഷട്ടര്‍ താഴ്ത്തുകയുമായിരുന്നു. ഇവിടെ 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ആലുപ്പഴയില്‍ ട്രെയിന്‍ തടഞ്ഞതിന് 100 പേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ളവര്‍ക്കെതിരെ പ്രതികളാക്കിയാണ് ട്രെയിന്‍ തടഞ്ഞതിനു കേസ്. തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ തടഞ്ഞതിന് 20 കേസെടുത്തായി റെയില്‍വേ സംരക്ഷണ സേന അറിയിച്ചു.

Top