ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍നിന്ന് പിന്മാറാന്‍ ചൈന തീരുമാനിക്കുന്നതിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി.

യഥാര്‍ഥ നിയന്ത്രണരേഖയില്‍ സമാധാനവും പ്രശാന്തതയും തിരിച്ചുകൊണ്ടുവരണമെന്നു ഇരു രാജ്യങ്ങളും നിലപാടെടുത്തു. വരുംകാലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാമെന്ന് ഇവര്‍ വ്യക്തമാക്കിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യ ചൈന അതിര്‍ത്തിയിലെ വെസ്റ്റേണ്‍ സെക്ടറില്‍ ഈയിടെയുണ്ടായ പ്രശ്‌നങ്ങളില്‍ വളരെ സുതാര്യവും ആഴമേറിയതുമായ ചര്‍ച്ചകളാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് എത്രയും വേഗം പിന്‍വാങ്ങാമെന്ന് ചൈന ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സമാധാനവും പ്രശാന്തതയും തിരിച്ചുവരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്മാറ്റം എത്രയും പെട്ടെന്ന് വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതിര്‍ത്തിയില്‍ ഇനി യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ പാടില്ലെന്നു ഡോവല്‍ വാങ്ങിനോട് ആവശ്യപ്പെട്ടു.

Top