സിഎഎക്കെതിരെ വീടുകളില്‍ പ്രതിഷേധം; എന്‍എസ്എസ്‌ അടക്കം അവതാളത്തില്‍

തിരുവനന്തപുരം: സിഎഎക്കെതിരെ വീടുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നത് നാഷണല്‍ സാമ്പിള്‍ സര്‍വേ അടക്കമുള്ള അഞ്ച് പ്രധാന വിവരശേഖരണങ്ങളെ ബാധിച്ചു. പലയിടത്തും ഉദ്യോഗസ്ഥര്‍ കൈയേറ്റത്തിന് ഇരയാവുകയും ഇവരെ സംഘം ചേര്‍ന്ന് ഓടിച്ചു വിടുകയും ചെയ്യുകയാണ്. പൗരത്വവുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കുന്നുവെന്ന തെറ്റിദ്ധാരണയെത്തുടര്‍ന്നാണ് അക്രമം.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, സംസ്ഥാന സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് സര്‍വേകള്‍ നടത്തുന്നത്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് അനിവാര്യമായി വേണ്ട വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭീഷണിയുള്ളതിനാല്‍ വീട് കയറാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

1950 മുതല്‍ നടന്നുവരുന്ന സര്‍വേ ഇത്തവണ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് അധകൃതര്‍ പറയുന്നു.

ആഭ്യന്തരടൂറിസത്തിന്റെ വിവരമാണ് ഇക്കുറി പ്രധാനശ്രദ്ധ. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ടൂറിസം സാറ്റലൈറ്റ് അക്കൗണ്ട് തയ്യറാക്കുകയാണ് ലക്ഷ്യം. പശ്ചാത്തല സൗകര്യവികസനവും ഈ വിവരങ്ങള്‍ക്ക് അനുസരിച്ചാകും. വിനോദസഞ്ചാര രംഗത്തെ തൊഴില്‍വികാസവും ലക്ഷ്യം.

തൊഴിലെടുക്കാന്‍ കഴിവുള്ളവര്‍, ലഭ്യമായ തൊഴില്‍, വരുമാനം, ജോലിസ്ഥിരത എന്നിവയുടെ വിവരശേഖരണം മൂന്നുവര്‍ഷം മുമ്പ് തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട വീടുകള്‍ മൂന്നുമാസം ഇടവിട്ട് നാലുതവണയാണ് ഉദ്യോഗസ്ഥര്‍ കയറുന്നത്. ജി.ഡി.പി.യുടെ അസംഘടിത മേഖലയിലെ വ്യാപാര, ഉല്‍പാദനം, സേവനം എന്നിവയുടെ വിവരമാണ് ശേഖരിക്കുന്നത്.

Top