‘ദേശീയപാര്‍ട്ടി പദവി സാങ്കേതികം മാത്രം’; രാഷ്ട്രീയപ്രവർത്തനത്തിന് തടസമില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി പിന്‍വലിച്ചതില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പരിഷ്കരിച്ച മാനദണ്ഡ പ്രകാരം ദേശീയ പദവിക്ക് അർഹതയില്ലെന്ന കാര്യത്തിൽ വിശദീകരണം നൽകി വരുകയാണ്. ഏതെങ്കിലും ഒരു മാനദണ്ഡ പ്രകാരം പദവി നിർണയിക്കുന്നത് ശരിയല്ല.സാങ്കേതിക കാര്യം മാത്രമാണ്.രാഷ്ട്രീയ പ്രവർത്തനത്തിനോ സംഘടനാ പ്രവർത്തനത്തിനോ ഒരു തടസവും ഇല്ല. അംഗീകാരമേ ഇല്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടിയാണ് സിപിഐയെന്നും അദ്ദേഹം പ്രതികരിച്ചു.

സിപിഐയെ കൂടാതെ എൻസിപി തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കും ദേശീയ പദവി നഷ്ടമായിട്ടുണ്ട്.2014, 2019 വർഷങ്ങളിലെ സീറ്റ് നില,വോട്ട്ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബംഗാളിലും സംസ്ഥാനപാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സിപിഐ ദേശീയ പാർട്ടി അല്ലാതായത്. നിലവിൽ മണിപ്പൂരിലും,കേരളത്തിലും,തമിഴ്നാട്ടിലും മാത്രമാണ് സിപിഐക്ക് സംസ്ഥാനപാർട്ടി പദവിയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം അനുസരിച്ച് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി എന്ന പദവിയുണ്ടെങ്കിൽ ദേശീയപാർട്ടി സ്ഥാനം ലഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക് 4 ലോക്സഭാ സീറ്റുകൾക്ക് പുറമേ 4 സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാലും ദേശീയ പാർട്ടിയായി കണക്കാക്കപ്പെടും.

ഗുജറാത്ത് തെരഞ്ഞെടുപ്പിലും നേട്ടം വന്നതോടെയാണ് എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിക്കുന്നത്. ദേശീയപാർട്ടിയായി എഎപിയെ ഈ മാസം പതിമൂന്നിനുള്ളിൽ പ്രഖ്യാപിക്കണമെന്ന് കർണാടക ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. ദേശീയ പദവി സ്ഥാനം നഷ്ടമായതോടെ മറ്റു സംസ്ഥാനങ്ങളിൽ സിപിഐക്ക് തെരഞ്ഞെടുപ്പ് ചിഹ്നമടക്കം നഷ്ടമാകും. ഇതോടെ രാജ്യത്ത് ആറ് പാർട്ടികൾക്ക് മാത്രമാണ് നിലവിൽ ദേശീയ പദവിയുള്ളത് . ബി ജെ പി, കോൺഗ്രസ്, സി പി ഐ(എം), ബി എസ് പി,എൻ പി പി എന്നിവയാണ് എഎപിയെ കൂടാതെയുള്ള കക്ഷിൾ. ആർഎൽഡിക്ക് യുപിയിലും, ബിആർഎസിന് ആന്ധ്രയിലും സംസ്ഥാന പാർട്ടി സ്ഥാനം നഷ്ടമായി. തിപ്ര മോതയ്ക് ത്രിപുരയിൽ സംസ്ഥാന പാർട്ടി സ്ഥാനം ലഭിച്ചു.

Top