തന്റേടമുണ്ടെങ്കില്‍ സര്‍ക്കാരിനെ അട്ടിമറിക്കൂ; ഓപ്പറേഷന്‍ താമരയെ വെല്ലുവിളിച്ച് താക്കറെ

മുംബൈ: ബിജെപിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ.തന്റേടമുണ്ടെങ്കില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ച് കാണിക്കട്ടെയെന്നാണ് താക്കറെയുടെ വെല്ലുവിളി.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിലെ അഭിപ്രായ വ്യത്യാസം മുതലെടുത്ത് ‘ഓപ്പറേഷന്‍ താമര’ നീക്കവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് വെല്ലുവിളി ഉയര്‍ത്തി താക്കറെ രംഗത്ത് വന്നത്.ജല്‍ഗാവില്‍ ഉദ്ധവും പവാറും വേദി പങ്കിട്ട ചടങ്ങിലാണ് ഉദ്ധവിന്റെ വെല്ലുവിളി.

ഡിസംബറില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണു ബിജെപിയുടെ പ്രചാരണം. കര്‍ണാടകയിലേതുപോലെ ‘ഓപ്പറേഷന്‍ താമര’യ്ക്ക് വിത്തിട്ട് അവര്‍ കാത്തിരിക്കുകയാണ്.എന്നാല്‍, മഹാരാഷ്ട്രയില്‍ ആ ‘ഓപ്പറേഷന്’ താന്‍ അവരെ വെല്ലുവിളിക്കുകയാണ്. താക്കറെ പറഞ്ഞു.

മഹാ വികാസ് അഘാഡി എന്നത് താന്‍ ആസൂത്രിതമായി ചെയ്ത പദ്ധതിയല്ല. 25 വര്‍ഷം ബിജെപിയുമായി സഖ്യത്തിലുണ്ടായിരുന്ന പാര്‍ട്ടിയാണ് ശിവസേന. എന്നിട്ടും തന്റെ നേതൃത്വത്തെയും ശിവസേനയുടെ വികാരത്തെയും അവര്‍ അംഗീകരിച്ചില്ല. എന്നാല്‍, പുതിയ സഖ്യകക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസും സേനയെ എത്രമാത്രം വിശ്വാസത്തില്‍ എടുത്തെന്നു നോക്കൂ – ഉദ്ധവ് പറഞ്ഞു.

ഭീമ-കൊറേഗാവ് അന്വേഷണം ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയങ്ങളില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. ഭീമ-കൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ ഐ എ അന്വേഷണത്തെ സ്വാഗതം ചെയ്ത ഉദ്ദവ്, ശരത് പവാറിന്റെ നിലപാട് തള്ളിയിരുന്നു. പതിപക്ഷ കക്ഷികളെല്ലാം ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തുള്ളപ്പോള്‍ ശിവസേന മൃദു സമീപനമാണ് സ്വീകരിക്കുന്നത്. പൗരത്വ രജിസ്റ്ററിന് അനുകൂലമായി നിലപാടിലാണ് ഉദ്ദവ് താക്കറെ. ഇതോടെയാണ് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്നു പ്രതിപക്ഷം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

Top