കേന്ദ്ര ബജറ്റ് 2020: കര്‍ഷകര്‍ക്ക് ആശ്വാസം; വന്‍ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത സാമ്പത്തികമാന്ദ്യം നിലനില്‍ക്കെ മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റ് അവതരണം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചു. മോഡി സര്‍ക്കാരിന്റെ രണ്ടാം പൊതു ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്നും കാര്‍ഷിക വിപണി ഉദാരമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷകരുടെ വരുമാനം 2 വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ 16 കര്‍മ്മ പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. വ്യോമ മന്ത്രാലയത്തിന്റെ സഹായത്തോടെ കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് കൃഷി ഉഡാന്‍ പദ്ധതിയും പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കായി കിസാന്‍ റെയില്‍ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകാന്‍ പ്രത്യേക സംവിധാനം എന്നിവയാണ് കിസാന്‍ റെയില്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

കര്‍ഷകര്‍ക്കായി നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതിയും പൊതു ബഡ്ജറ്റ് മുന്നോട്ട് വയ്ക്കുന്നു. 2020-ല്‍ 15 ലക്ഷം കോടി കാര്‍ഷിക വായ്പയാണ് ലക്ഷ്യമിടുന്നത്. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കുമെന്നും 2021ല്‍ രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ്‍ ആയി ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു. മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി.

Top