ടിക് ടോക്ക് വീഡിയോയ്ക്കായി ട്രാക്ടറില്‍ അഭ്യാസപ്രകടനം; യുവാവിന് ദാരുണാന്ത്യം

മുസാഫര്‍നഗര്‍: ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന് ദാരുണാന്ത്യം. 23കാരനായ കപില്‍ എന്ന യുവാവാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ മരിച്ചത്.

രണ്ട് മാസം മുന്‍പാണ് കപിലിന്റെ വിവാഹം നടന്നത്. ബുധനാഴ്ചയുണ്ടായ ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് ഈ സംഭവം. വളരെ വേഗത്തില്‍ ട്രാക്ടര്‍ ഓടിച്ച് മുന്‍വശത്തെ വീലുകള്‍ പൊക്കാനായിരുന്നു കപിലിന്റെ ശ്രമം. മറ്റൊരു സുഹൃത്ത് ഇതിന്റെ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അഭ്യാസപ്രകടനത്തിനിടയില്‍ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായരുന്നു. തലകീഴായി മറിഞ്ഞ ട്രാക്ടറിനു കീഴില്‍പ്പെട്ട കപില്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

പൊലീസില്‍ വിവരമറിയിക്കാതെയാണ് യുവാവിന്റെ സംസ്‌കാരം നടത്തിയതെന്നും സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ മുസാഫര്‍നഗറില്‍ ഇത് രണ്ടാമത്തെ ടിക് ടോക്ക് മരണമാണ്.

Top