ഭോപ്പാലില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം,

മാട്കുലി: കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. മെഹന്ദിഖേഡാ ഗ്രാമത്തിലെ സാവരിയാ ബായിയാണ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഭോപ്പാലില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സത്പുര കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള മാട്കുലി മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ വനതിര്‍ത്തിയിലുള്ള കൃഷിഭൂമിയിലേക്ക് പോയ യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെയില്‍ മധ്യപ്രദേശിലുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഫെബ്രുവരി 3 ന് കടുവയുടെ ആക്രമണത്തില്‍ മറ്റൊരു യുവതിയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ശരീരം പിന്നീട് പാതി ഭക്ഷിച്ച നിലയില്‍ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

ബാന്ധവ്ഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നും സത്പുര കടുവാ സങ്കേതത്തിലേക്ക് അടുത്തിടെ കൊണ്ടുവന്ന കടുവയാണ് ആക്രമണത്തിനു പിന്നിലെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. കടുവയെ തിരിച്ചു കൊണ്ടുപോകണമെന്ന ആവശ്യവുമായി രോഷാകുലരായ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫിസ് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു.

എന്നാല്‍ കടുവാ സങ്കേതത്തിലെ കടുവകളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇതില്‍ ഏത് കടുവയാണ് യുവതിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് വനംവകുപ്പ് അധികൃതരുടെ വാദം. കടുവയെ നിരീക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയതായി സത്പുര കടുവാ സങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടറായ എസ് കെ സിങ് വ്യക്തമാക്കി. 4 ലക്ഷം രൂപ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അനുവദിച്ചു.

കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ മധ്യപ്രദേശില്‍ കടുവകളുടെ ആക്രമണത്തില്‍ ഇരുപതോളം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Top