വെട്ടികിളി ശല്യം രൂക്ഷം; കൃഷിനാശം, പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: വെട്ടുകിളികളുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ഖാനും നാല് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 7.3 ലക്ഷംകോടി രൂപയുടെ ദേശീയ കര്‍മ പദ്ധതിയും യോഗത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്ഥാനില്‍ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

2019 മാര്‍ച്ച് മാസത്തില്‍ തുടങ്ങിയ വെട്ടുകിളി ശല്യമാണ് ഇപ്പോഴും നിയന്ത്രണാധീതമായി തുടരുന്നത്. തുടര്‍ന്ന് സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിച്ചു. കൂടാതെ, ദക്ഷിണ പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളില്‍ ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളുമാണ് ഇവ നശിപ്പിച്ചത്.

2.60 ലക്ഷം ലീറ്റര്‍ കീടനാശിനി ഇതിനോടകം കീടനിയന്ത്രണത്തിനായി ഉപയോഗിച്ചെങ്കിലും പാക്കിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ ഇവ നിയന്ത്രണമില്ലാതെ പെരുകുന്നതിനാല്‍ അതിര്‍ത്തി ജില്ലകളിലേക്കു വീണ്ടും ഇവ എത്തുകയാണെന്നാണു കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്.

ജയ്സാല്‍മേര്‍ (2 ലക്ഷം ഹെക്ടര്‍), ബാഡ്മേര്‍ (8000), ബിക്കാനേര്‍ (8000), ശ്രീഗംഗാനഗര്‍ (5000) എന്നിവയ്ക്കു പുറമേ ജലോര്‍, ഹനുമാന്‍ഗഡ്, നഗോര്‍, ചുരു, പാലി, സിരോഹി, ദൂംഗാര്‍പൂര്‍ ജില്ലകളിലാണ് വെട്ടുകിളി ശല്യം ഏറ്റവും നാശം വിതച്ചിരിക്കുന്നത്.

പ്രാദേശികമായി ടദ്ദിസ് എന്ന് വിളിക്കുന്ന ഈ വെട്ടുകിളികള്‍ മിക്കവാറും ഏതു തരത്തിലുള്ള സസ്യങ്ങളെയും ഭക്ഷണമാക്കും. 10 ആനകള്‍ അഥവാ 2500 മനുഷ്യര്‍ക്ക് വേണ്ട ഭക്ഷണം ഇവയുടെ ഒരു സംഘം ഒരു ദിവസംകൊണ്ട് തിന്നുതീര്‍ക്കും. ഇലകള്‍, പൂക്കള്‍, പഴങ്ങള്‍, വിത്തുകള്‍, എന്തിന് മരങ്ങളുടെ തോലു പോലും ഇവ കാര്ന്നുതിന്നും. കൂട്ടത്തോടെ വന്നിരുന്നാല്‍ അവയുടെ ഭാരം മൂലം ചെടികള്‍ നശിച്ചുപോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന വെട്ടുകിളി ശല്യം നവംബര്‍ പകുതിയോടെ അവസാനിക്കുകയാണു പതിവ്. എന്നാല്‍ ഇത്തവണ വേനല്‍ക്കാലത്തു മരുപ്രദേശങ്ങളില്‍ പരക്കെ മഴ ലഭിച്ചത് ഇവയുടെ ആക്രമണം നേരത്തേയാക്കാന്‍ കാരണമായി.

കാല്‍ നൂറ്റാണ്ടിനിടെയുള്ള ഏറ്റവും കടുത്ത വെട്ടുകിളി ശല്യമാണ് ഇപ്പോഴുള്ളത്. 26 വര്‍ഷം മുമ്പായിരുന്നു സമാനമായ രീതിയില്‍ വ്യാപക വെട്ടുകിളി ശല്യമുണ്ടായത്.

Top