അവ്യാന്‍ തോമര്‍; ഇന്നലെ ട്വിറ്ററില്‍ വൈറലായ നമ്മുടെ കുഞ്ഞന്‍ ‘മഫ്ളര്‍ മാന്‍’ ഇതാണ്

ന്യൂഡല്‍ഹി: മൂന്നാം തവണയും ഡല്‍ഹിയെ ഭരിക്കാന്‍ കെജ്രിവാള്‍ ഒരുങ്ങുന്ന വേളയിലായിരുന്നു ‘കുഞ്ഞു കെജ്രിവാളും’ തരംഗമായത്. പിന്നീട് ഡല്‍ഹില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വമ്പന്‍ വിജയത്തിന്റെ ആഹ്ലാദത്തിമിര്‍പ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം താരമായി ‘കുഞ്ഞന്‍ കെജ്‌രിവാളും’.

തെരഞ്ഞെടുപ്പ് ഫലം പുറത്തറിയാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് കെജ്രിവാളിനെപ്പോലെ തന്നെ തൊപ്പി വച്ച്, കഴുത്തില്‍ മഫ്ളര്‍ ചുറ്റി, കണ്ണട വച്ച്, മെറൂണ്‍ കളറിലുളള ജാക്കറ്റുമായി, കുഞ്ഞു താടി മീശ വരച്ച് ചേര്‍ത്ത്, ഈ ‘മിനി കെജ്രിവാള്‍’ ട്വിറ്ററില്‍ വൈറലായത്. ‘മഫ്ളര്‍ മാന്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പിന്നീട് പാര്‍ട്ടിയുടെ വിജയവേളയിലെ സൂപ്പര്‍ താരമായി മാറി.

അവ്യാന്‍ തോമര്‍ എന്നാണ് ഈ ഒരു വയസ്സുകാരന്‍ ‘കുഞ്ഞന്‍ കെജ്‌രിവാളി’ന്റെ പേര്. അച്ഛന്റെ തോളിലേറി വന്ന അവ്യാന്‍ നിമിഷ നേരം കൊണ്ടാണ് ട്വിറ്ററില്‍ താരമായി മാറിയത്. 2500ലേറെ തവണയാണ് അവ്യാന്‍ തോമറിന്റെ ചിത്രം റീ ട്വീറ്റ് ചെയ്തത്.

2015 ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അവ്യാന്റെ സഹോദരി ഫെയറി കെജ്‌രിവാളിന്റെ വേഷത്തിലെത്തിയിരുന്നു. 2011 ല്‍ അണ്ണാ ഹസാരെയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സമയം മുതല്‍ കെജ്‌രിവാളിന്റെ ആരാധകനായിരുന്നു താനെന്ന് അവ്യാന്റെ പിതാവ് തോമര്‍ വ്യക്തമാക്കി.

Top