സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്നത് ഗുരുതരമായ മാക്രോ-ഇക്കണോമിക് വെല്ലുവിളി

ന്യൂഡല്‍ഹി: ഇന്നലെ അവതരിപ്പിച്ച പൊതു ബജറ്റിനെ കുറിച്ച് സമ്മിശ്രമ പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കേന്ദ്രബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഗുരുതരമായ മാക്രോ-ഇക്കണോമിക് വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണെന്നാണ് ചിദംബരം പറഞ്ഞത്. തുടര്‍ച്ചയായ ആറ് പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് സര്‍ക്കാര്‍ പൂര്‍ണമായും നിഷേധിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.

2020-21ല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കിലേക്ക് എത്തും എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന യാതൊന്നും തന്നെ ബജറ്റില്‍ ഇല്ല. അടുത്ത വര്‍ഷം 6 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന അവകാശവാദം നിരുത്തരവാദപരവും ആശ്ചര്യം ജനിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വാങ്ങല്‍ ശേഷി പരിമിതിവും നിക്ഷേപശൂന്യവുമാണ്. എന്നാല്‍ ധനമന്ത്രി ഈ രണ്ടുവെല്ലുവിളികളെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഈ രണ്ടുവെല്ലുവിളികളെ എങ്ങനെ പരിഹരിക്കണമെന്നതു സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടില്ല. ഈ ഇരട്ട വെല്ലുവിളികള്‍ നിലനില്‍ക്കുകയാണെങ്കില്‍ സമ്പദ് വ്യവസ്ഥയില്‍ പെട്ടെന്നൊരു മാറ്റമുണ്ടാകില്ല. കൂടാതെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും യാതൊരു ആശ്വാസവുമുണ്ടാകില്ല – അദ്ദേഹം പറഞ്ഞു.

അതേസമയം 1 നും 10 നും ഇടയില്‍ ബജറ്റിനെ റേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘പത്തില്‍ രണ്ട് അക്കങ്ങളുണ്ട്. ഒന്നും പൂജ്യവും നിങ്ങള്‍ക്ക് അതിലൊന്ന് എടുക്കാമെന്നാ’യിരുന്നു ചിദംബരത്തിന്റെ മറുപടി.

Top