മോദിയെ അപകീര്‍ത്തിപ്പെടുത്തി നാടകാവതരണം; ഹെഡ്മിസ്ട്രസും രക്ഷിതാവും അറസ്റ്റില്‍

ബെംഗളൂരു: വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയേയും ഒരു കുട്ടിയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ പട്ടികയേയും എതിര്‍ക്കുന്ന നാടകത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യലിന്റെ പരാതിയിലാണ് നടപടി.

സ്‌കൂള്‍ ജീവനക്കാരെയും വിദ്യാര്‍ഥികളെയും ചോദ്യംചെയ്ത ശേഷമാണ് പോലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

നേരത്തെ സ്‌കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കേസ് എടുക്കുകയും സ്‌കൂള്‍ അടച്ച് പൂട്ടുകയും ചെയ്തിരുന്നു.കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റാണ് അടച്ച് പൂട്ടിയത്.

ജനുവരി 21 ന് അരങ്ങേറിയ സ്‌കൂള്‍ നാടകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഹമ്മദ് യൂസഫ് റഹീം എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്‌ലോഡ്‌ ചെയ്തത്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പൗരത്വ നിയമ ഭേദഗതി,ദേശീയ പൗരത്വ പട്ടിക എന്നിവ നടപ്പാക്കിയാല്‍ ഒരുവിഭാഗം രാജ്യം വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

Top