പ്രതിഷേധങ്ങള്‍ ഫലം കാണുന്നോ?എന്‍ആര്‍സി നടപ്പാക്കുന്നതില്‍ തീരുമാനമായില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമോ എന്ന ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നിലവില്‍ എന്‍ആര്‍സി അസമില്‍ മാത്രമാണ് നടപ്പാക്കിയത്. അതുകൊണ്ട് മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ചും അത് ജനങ്ങള്‍ക്ക് എങ്ങനെ അധിക ബാധ്യതയാകുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കേരളം, പഞ്ചാബ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍ആര്‍സിക്കും എന്‍പിആറുനുമെതിരെ എതിര്‍പ്പ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ രണ്ടു മാസമായി സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ നടക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നീക്കത്തിലൂടെ ശ്രമിക്കുന്നത്. ഡിസംബറിലാണ് സിഎഎ പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇതിന്റെ കരടു നിയമങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top