റെയില്‍വേ സ്വകാര്യവത്കരണം; പിപിപി മോഡലിൽ 150 പുതിയ ട്രെയിനുകള്‍

ന്യൂഡല്‍ഹി: റെയില്‍വേയില്‍ സ്വകാര്യവത്കരണം പ്രോത്സാപിപ്പിക്കുന്നതാണ് മോദി സര്‍ക്കാരിന്റെ രണ്ടാം പൊതു ബജറ്റ്. രാജ്യത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. 150 പാസഞ്ചര്‍ ട്രെയിനുകള്‍ പിപിപി മോഡലില്‍ ഓടിക്കാനാണ് പദ്ധതി.റെയില്‍വേ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം സഭയില്‍ ബഹളത്തിനും ഇടയാക്കി.

പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്താന്‍ കൂടുതല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് തേജസ് മോഡല്‍ ട്രെയിനുകള്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

11000 കിലോമീറ്റര്‍ റെയില്‍വെ ട്രാക്ക് വൈദ്യുതീകരിക്കും. റയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 550 വൈഫൈ റെയില്‍വേ സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

മുംബൈ – അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിന്‍, 148 കിലോമീറ്ററില്‍ ബംഗളുരു സബര്‍ബന്‍ ട്രെയിന്‍ എന്നിവക്കും പദ്ധതിയുണ്ട്. 18600 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.മെട്രോ പോലെ ഘട്ടം ഘട്ടമായാണ് പദ്ധതി നടക്കാക്കുന്നത്. ആകെ പദ്ധതി ചെലവില്‍ 20 ശതമാനം ആണ് സര്‍ക്കാര്‍ വഹിക്കുന്നത്.

ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയും മറ്റ് രണ്ട് പദ്ധതികളും 2023 ല്‍ പൂര്‍ത്തിയാക്കും. 2021 ല്‍ ഗതാഗത മേഖലക്കായി 1.7 ലക്ഷം കോടി രൂപ നീക്കി വയ്ക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി വ്യക്തമാക്കിയത്.

2024 ഓടെ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ കൂടി രാജ്യത്ത് ഉണ്ടാകുമെന്നുമാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

Top