നീതിന്യായ സംവിധാനം ചോദ്യംചെയ്യപ്പെടുന്നു, അവസാന അഭയവും ഇല്ലാതാകുന്നു!

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്ത നടപടിക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. എന്നാല്‍ ഈ നടപടിയെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍.

‘നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം എന്നിവയെ പുനര്‍നിര്‍വചിക്കും വിധത്തിലുള്ളതാണ് ഇത്. അവസാനത്തെ അഭയസ്ഥാനവും ഇല്ലാതാവുകയാണോ?’ ഇതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുവെയാണ് ജസ്റ്റിസ് തന്റെ ആശങ്ക അറിയിച്ചത്.

അതേസമയം ഗൊഗോയ്ക്ക് സ്ഥാനങ്ങള്‍ എന്തെങ്കിലും ലഭിക്കുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നെന്നും അതിനാല്‍ തന്നെ ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ വലിയ ഞെട്ടലൊന്നും ഉണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യസഭാ സീറ്റാണ് അദ്ദേഹത്തിന് കരുതിവെച്ചിരിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ നടപടികള്‍ സുപ്രീം കോടതിയുടെ പരമാധികാരത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പത്രസമ്മേളനം വിളിച്ചത് ഏറെ വിവാദമായിരുന്നു. 2018ലാണ് സംഭവം. അന്ന് മുതിര്‍ന്ന ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയിയും , ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ജെ. ചലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവരായിരുന്നു മിശ്രയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗോഗോയിയുടെ നടപടിയും സുപ്രീം കോടതിയുടെ പരമാധികാരത്തെ ഹനിക്കുന്നതാണെന്ന ആരോപണമാണ് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ ഉന്നയിക്കുന്നത്.

രാഷ്ട്രപതിയാണ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതിയില്‍ നിന്ന് ഗോഗോയി വിരമിച്ചത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി പല നിര്‍ണായക കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ചിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ലൈംഗികാരോപണം നേരിട്ട ചീഫ് ജസ്റ്റിസും ഗോഗോയിയായിരുന്നു.

Top