വോട്ടെടുപ്പിന് കാത്തില്ല, വിശ്വാസം നഷ്ടപ്പെട്ട കമല്‍ നാഥ് രാജിവെച്ചു!താഴെ വീണ് കോണ്‍ഗ്രസ്

ഭോപ്പാല്‍: വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് രാജിവെച്ചു. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മധ്യപ്രദേശിലെ കോണ്‍ഗ്രസിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍ നാഥ് രാജിക്ക് തയ്യാറായത്. ഇന്ന് ഒരു മണിക്ക് ഗവര്‍ണര്‍ക്ക് കമല്‍ നാഥ് രാജിക്കത്ത് കൊമാറും. 15 മാസം മാത്രം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതോടെ താഴെ വീഴുന്നത്.

ഇനി മധ്യപ്രദേശ് സംസ്ഥാനം വീണ്ടും ബിജെപിയുടെ കൈകളിലേക്ക് എത്തുമെന്നത് ഇതോടെ ഉറപ്പായി. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. 16 വിമത എംഎല്‍എമാര്‍ വോട്ടെടുപ്പിനെത്തിയാല്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കൊവിഡിന്റെ പേരില്‍ നിയമസഭ സമ്മേളനം നീട്ടിവച്ച് വിശ്വാസവോട്ടെടുപ്പില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാനുള്ള കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കം പാളിയതോടെയാണ് നിര്‍ണായക തീരുമാനം സ്വീകരിച്ചത്.

വിശ്വാസ വോട്ടെടുപ്പ് സുതാര്യമാക്കാന്‍ രഹസ്യ ബാലറ്റ് ഒഴിവാക്കണം, അംഗങ്ങള്‍ കൈപൊക്കി വോട്ട് രേഖപ്പെടുത്തണം, നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കണം എന്നീ നിര്‍ദ്ദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന കോണ്‍ഗ്രസ് വാദം തള്ളിയാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് നേരത്തെ കമല്‍ നാഥ് വിലക്കിയിരുന്നു. തുടര്‍ന്ന് കേവല ഭൂരിപക്ഷം പോലും കിട്ടില്ലെന്ന് ഉറപ്പായതോടെ കമല്‍ നാഥ് തനിക്ക് നേരെ തിരിഞ്ഞതാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോയതോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ആടിയുലയാന്‍ തുടങ്ങിയത്. സിന്ധ്യയെ പിന്തുണച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എംഎല്എമാരുടെ എണ്ണം 98 ആയി കുറഞ്ഞു. ബദല്‍ ശക്തിയായിരുന്ന ബിജെപി 107 അംഗങ്ങളുടെ ബലത്തിലേക്ക് ഉയരുകയും ചെയ്തു.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ സഭയില്‍ നിന്ന് നാണംകെട്ട് ഇറങ്ങേണ്ടിവരുമെന്ന് കമല്‍ നാഥിന് അറിയാമായിരുന്നു. മാത്രമല്ല, ഒരു അട്ടിമറി നടത്താതെ രക്ഷയില്ലെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. എന്നാല്‍ സഭ നീട്ടിവെച്ചപ്പോള്‍ ആശ്വാസമായിരുന്നെങ്കിലും കോടതിയുടെ നിര്‍ദേശം വന്നതോടെ ആ സാധ്യയതും മങ്ങി. തുടര്‍ന്നാണ് അദ്ദേഹം രാജിയിലേക്ക് നീങ്ങിയത്.

Top