കമല്‍ നാഥിന് അന്ത്യശാസനം! നാളെ വിശ്വാസവോട്ട് നടത്തിയില്ലെങ്കില്‍ നടപടി

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന് അന്ത്യാശാസനവുമായി ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ രംഗത്ത്. ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇതുസംബന്ധിച്ച കത്ത് ഗവര്‍ണര്‍ കമല്‍നാഥിന് കൈമാറിയിട്ടുണ്ട്. നാളെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഭൂരിപക്ഷമില്ലെന്ന് ഉറപ്പിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കത്തില്‍ പറയുന്നുണ്ട്.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ് നിയമസഭാ സമ്മേളനം 26വരെ സ്പീക്കര്‍ നീട്ടിവെച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും വിശ്വാസ വോട്ടെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കമല്‍ നാഥിന് ഗവര്‍ണര്‍ കത്തുനല്‍കിയത്.

ഗവര്‍ണറുടെ 2 മിനുറ്റ് നേരത്തെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി അറിയിച്ചത്. ഈ നടപടി മുഖ്യമന്ത്രി കമല്‍ നാഥിന് ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ ഈ ആശ്വാസം ബിജെപിയെ ശരിക്കും വീര്‍പ്പ് മുട്ടിക്കുന്നുണ്ട്. നേരത്തെ, കമല്‍ നാഥിന് കേവലഭൂരിപക്ഷം നഷ്ടമായെന്ന് കാണിച്ച് ബിജെപി ഗവര്‍ണറെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്.

അതേസമയം, കേവലഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസിന് വ്യക്തമാണെന്നും, ഗവര്‍ണറുടെ ഉത്തരവ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മനപ്പൂര്‍വ്വം ലംഘിച്ചുവെന്നും ബിജെപി ആരോപിച്ചു. അതേസമയം കമല്‍നാഥ് സര്‍ക്കാരിന് ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ബിജെപി പറഞ്ഞു.

Top