വിമതരെ കാണാന്‍ കഴിഞ്ഞില്ല; ദിഗ് വിജയ് സിങിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു!

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടയില്‍ ബംഗളൂരുവിലേക്ക് നാടുവിട്ട വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ വിതമര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ ദിഗ് വിജയ് സിങിനെ പൊലീസ് സമ്മതിച്ചില്ല. എന്നാല്‍ അദ്ദേഹം എംഎല്‍എമാരെ കാണാതെ പോകില്ലെന്ന് പറഞ്ഞ് ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി എന്നാണ് പൊലീസ് ഭാഷ്യം.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാറാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ‘ഞാന്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയാണ്. 26-ാം തിയതിയാണ് വോട്ടെടുപ്പ്. എന്റെ എംഎല്‍എമാരെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അവര്‍ക്ക് എന്നോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസ് എന്നെ അവരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല’, ധര്‍ണയിലിരുന്നുക്കൊണ്ട് ദിഗ് വിജയ് സിങ് പറഞ്ഞു.

മാത്രമല്ല എംഎല്‍എമാര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ തനിക്ക് ഉണ്ടെന്നും അവരുടെ കുടുംബങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. താന്‍ അഞ്ച് എംഎല്‍എമാരുമായി നേരിട്ട് സംസാരിച്ചു, അവര്‍ ബന്ദികളാണെന്ന് പറഞ്ഞു. അവരുടെ ഫോണുകള്‍ തട്ടിയെടുത്തിട്ടുണ്ട്. എല്ലാ മുറികള്‍ക്ക് മുന്നിലും പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറും പൊലീസ് അവരെ പിന്തുടരുകയാണെന്നും ദിഗ് വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ദിഗ് വിജയ് സിങിനെ അറസ്റ്റ് ചെയ്ത് അമൃതഹള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേഷനില്‍ നിരഹാരം കിടക്കുകയാണ്.

Top