കനിക ചെയ്തത് വലിയ തെറ്റ്; 96 എംപിമാര്‍ നിരീക്ഷണത്തിലേക്ക്?

ലഖ്‌നൗ: ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ വൈറസ് ഭീതിയില്‍ 96 എംപിമാരെന്നും വിവരം. ഗായിക ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ലഖ്‌നൗവില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ സമ്പര്‍ക്ക വിലക്ക് ലംഘിച്ചാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. ആ പാര്‍ട്ടിയില്‍ എംപി ദുഷ്യന്ത് സിങും ഉണ്ടായിരുന്നു.

ഇതിന് പിന്നാലെ ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനില്‍ എംപിമാര്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ കനികയ്ക്ക് വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത പരന്നതോടെ ദുഷ്യന്ത് സിങുമായി ഇടപഴകിയ 96 എംപിമാരും കൊറോണ ഭീതിയിലാവുകയായിരുന്നു.

മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മോഘവാള്‍, ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരെല്ലാം ദുഷ്യന്ത് സിങിനൊപ്പം രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനത്തിലാണ്. അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കിയെന്നും വിവരമുണ്ട്.

അതേസമയം, കനികയുമായി ഇടപഴകിയ ദുഷ്യന്ത് സിങും ബിജെപി നേതാവ് വസുന്ധര രാജെയും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. മുന്‍കരുതലെന്ന നിലയ്ക്ക് താനും മകനും സ്വയം സമ്പര്‍ക്ക വിലക്കില്‍ തുടരുകയാണെന്ന് വസുന്ധര രാജെ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. യാത്രാ വിവരം മറച്ചു വച്ചതിനും ‘അലക്ഷ്യമായി പെരുമാറി’, പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസാണ് കേസെടുത്തത്.

ഈ മാസം 15 നാണ് കനിക ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. കനിക വിമാനത്താവളത്തില്‍ വച്ച് സ്‌ക്രീനിംഗിന് വിധേയ ആയില്ലെന്നും പരിശോധനാ സമയത്ത് വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനികയുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. നിലവില്‍ കനിക ലഖ്‌നൗവിലെ കിങ്ങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

Top