കൊറോണ; ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ഫെബ്രുവരി ഏഴിന് ശേഷമുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എയര്‍ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി ട്വിറ്ററില്‍ അറിയിച്ചു.

ഹോങ്കോംഗില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് എയര്‍ഇന്ത്യയുടെ നടപടി. രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നെത്തിയ 39 കാരനാണ് രോഗത്തിന് കീഴടങ്ങിയത്. ചൈനയ്ക്ക് പുറത്ത് സംഭവിക്കുന്ന രണ്ടാമത്തെ കോറോണ വൈറസ് മരണമാണ് ഇത്. ഫിലിപ്പൈന്‍സിലാണ് ചൈനയ്ക്ക് പുറത്തുള്ള ആദ്യ കൊറോണ ബാധിത മരണം സംഭവിച്ചത്.

വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും നേരത്തേ നിര്‍ത്തിവച്ചിരുന്നു. ഇന്ത്യക്കു പുറമേ പല വിദേശരാജ്യങ്ങളും ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഒരൊറ്റ ദിവസം കൊണ്ട് 64 പേര്‍ കൂടി മരിച്ചതോടെ തിങ്കളാഴ്ചവരെയുള്ള കണക്കുകളനുസരിച്ച് ചൈനയില്‍ കൊറോണ ബാധിച്ച് 425 പേരാണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ പുറത്തുവന്ന കണക്കുകളില്‍ ആകെ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 20,438 കേസുകളാണ് ഇപ്പോള്‍ ആകെ രോഗികള്‍. ചൈനക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top