ഗുജറാത്തില്‍ കോവിഡ് ബധിതര്‍ ഉയരുന്നു; എയിംസ് മേധാവിയെ ഇറക്കി അമിത് ഷാ

അഹമ്മദാബാദ് കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഗുജറാത്ത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് ഗുജറാത്ത്.7,403 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 449 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയെ രംഗത്തിറക്കിയിരിക്കുകയാണ്.
അമിത് ഷായുടെ നിര്‍ദേശ പ്രകാരം ഡോ. രണ്‍ദീപ് ഗുലേറിയ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലെത്തുകയും അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സയില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ശ്വാസകോശരോഗ വിദഗ്ധനായ ഡോ. രണ്‍ദീപ് ഗുലേറിയയ്‌ക്കൊപ്പം
മെഡിസിന്‍ വിഭാഗം ഡോക്ടറായ മനീഷ് സുരേജയും ഇന്നലെ വൈകീട്ട് അഹമ്മദാബാദിലെത്തിയിരുന്നു.

നഗരത്തിലെ എസ്വിപി ആശുപത്രിയും സംഘം സന്ദര്‍ശിക്കും. അഹമ്മാദാബാദ് സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ഡോ. ഗുലേറിയ, ചികിത്സാ രീതി സംബന്ധിച്ച് ഉപദേശം നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും.

ഗുജറാത്തില്‍ മേയ് 2 വരെ 5,054 രോഗികളാണ് ഉണ്ടായിരുന്നത്. ആറു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം 7,403 ആയാണ് ഉയര്‍ന്നത്. അതായത് 46.47% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ മരണനിരക്ക് 71.37 ശതമാനമാണു വര്‍ധിച്ചത്.

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അഹമ്മദാബാദിലാണ്. 5,260 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. സൂറത്തില്‍ 824 പേര്‍ക്കും വഡോദരയില്‍ 465 പേര്‍ക്കും രോഗബാധയുണ്ട്. 449 പേര്‍ മരിച്ചതില്‍ 343 എണ്ണവും അഹമ്മദാബാദിലാണ്. സൂറത്തില്‍ 38 പേരും വഡോദരയില്‍ 31 പേരുമാണ് മരിച്ചത്.

അഹമ്മദാബാദിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. രാജീവ് കുമാര്‍ ഗുപ്തയ്ക്കാണ്. ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കും ഉള്ള അഹമ്മദാബാദില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. പച്ചക്കറി, പലചരക്കു കടകള്‍ ഒരാഴ്ച അടച്ചിടും. റെഡ് സോണുകളില്‍ ബാങ്കുള്‍പ്പെടെ പ്രവര്‍ത്തിക്കില്ല. അടച്ചിട്ട സ്വകാര്യ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാനും അവിടുത്തെ ഡോക്ടര്‍മാരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിയോഗിക്കാനും തീരുമാനിച്ചു. സാമൂഹിക നിയന്ത്രണം ഉറപ്പാക്കാനായി ഏഴു കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുമുണ്ട്.

Top