എലിസബത്ത് രാജ്ഞിയോടുള്ള ആദരമായി നാളെ രാജ്യത്ത് ദുഃഖാചരണം

ദില്ലി : അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ സെപ്റ്റംബര്‍ 11 ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

അതേ സമയം, എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ദു:ഖാചരണം പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലായ തൃശ്ശൂരിലെ പുലിക്കളി നാളെ തന്നെ നടത്താൻ തീരുമാനിട്ടു. സർക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം ഇല്ലാതെയായിരിക്കും പുലിക്കളി നടത്തുക. പുലികളിക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ദു:ഖാചരണ പ്രഖ്യാപനം ആശയക്കുഴപ്പം ഉണ്ടാക്കിയത്. നാളെ തന്നെ നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട്ട് അറിയിച്ചു. തീരുമാനമെടുക്കാൻ സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിർദേശിച്ചു.

Top