അതിര്‍ത്തി കടന്നെത്തിയ പാക്ക് വിമാനങ്ങള്‍ ലക്ഷ്യം വെച്ചത് ഇന്ത്യന്‍ സൈനിക ആസ്ഥാനം !

ന്യൂഡല്‍ഹി: ബുധനാഴ്ച ഇന്ത്യന്‍ നിയന്ത്രണ രേഖ കടന്നെത്തിയ പാക്ക് വിമാനങ്ങള്‍ ഉദ്ദംപുരിലെ സൈനിക ആസ്ഥാനം ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ട്. ബാലകോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് പാക്ക് വിമാനങ്ങള്‍ നൗഷേരയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി മറികടന്നെത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ പാക്ക് വിമാനങ്ങള്‍ നിയന്ത്രണരേഖ മറികടക്കുകയും ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തെങ്കിലും വ്യോമസേന ശക്തമായി തിരിച്ചടിച്ച് പാക്ക് നീക്കത്തെ ചെറുക്കുകയായിരുന്നു.

പാക്കിസ്താന്റെ 24 ജെറ്റ് വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ബുധനാഴ്ച ജമ്മുകശ്മീരിലെ സൈനികകേന്ദ്രങ്ങളില്‍ ലേസര്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ശ്രമം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് വിമാനങ്ങളെ വിരട്ടിയോടിച്ചു. ഉദ്ദംപുരിലെ സൈനിക ആസ്ഥാനവും പ്രസിദ്ധമായ വൈഷ്ണവദേവി ക്ഷേത്രവും സ്ഥിതിചെയ്യുന്ന റെസായി ജില്ല ലക്ഷ്യമാക്കിയായിരുന്നു പാക്ക് വിമാനങ്ങളുടെ നീക്കം. ഇന്ത്യന്‍ വ്യോമസേന ഈ നീക്കത്തെ ചെറുത്തു തോല്പ്പിക്കുകയും പാക്ക് വിമാനങ്ങളെ അതിര്‍ത്തിയില്‍നിന്ന് തുരുത്തുകയുമായിരുന്നു. ഇതിനിടെ നിയന്ത്രണരേഖയോട് ചേര്‍ന്ന ചില മേഖലകളില്‍ പാക്ക് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

പാക്ക് വിമാനങ്ങളുടെ ഈ നീക്കം ചെറുക്കുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ വിമാനം തകര്‍ന്ന് പാക്ക് സൈന്യത്തിന്റെ പിടിയിലായത്. അഭിനന്ദന്‍ നിയന്ത്രിച്ചിരുന്ന മിഗ് 21 വിമാനം പാക്ക് അധീന കശ്മീരില്‍ തകര്‍ന്നുവീഴുകയും അപകടത്തില്‍ രക്ഷപ്പെട്ട അഭിനന്ദനെ പാക്ക് സൈന്യം പിടികൂടുകയുമായിരുന്നു.

അതേസമയം അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും വാഗയിലുണ്ടാകും.

Top