ദേശീയപാത നവീകരണം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആരിഫ് എംപിയുടെ കത്ത്

ആലപ്പുഴ: ദേശീയപാത 66 നവീകരണത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു കത്തു നല്‍കി. ജി.സുധാകരന്‍ മന്ത്രിയായപ്പോള്‍ പുനര്‍നിര്‍മ്മിച്ച ദേശീയപാതയുടെ നവീകരണത്തില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫിന്റെ കത്ത്.

അരൂര്‍ മുതല്‍ ചേര്‍ത്തല എക്സറെ കവല വരെയുള്ള ദേശീയപാത 66 ന്റെ ഭാഗം 2019ലാണ് ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനര്‍നിര്‍മ്മിച്ചത്. മൂന്നു വര്‍ഷത്തെ ഗ്യാരണ്ടിയോടു കൂടി നിര്‍മ്മിച്ച റോഡ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കുണ്ടും കുഴിയും നിറഞ്ഞു. 36 കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയ നിര്‍മ്മാണത്തില്‍ സാരമായ അപാകതയുണ്ടെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും’ ആരിഫിന്റെ കത്തില്‍ ആവശ്യപ്പെടുന്നു.

ജി. സുധാകരന്‍ മന്ത്രിയായപ്പോള്‍ പൊതുമരാമത്തിന്റെ ആവശ്യപ്രകാരം കേന്ദ്രം 36 കോടി രൂപ അനുവദിച്ചാണ് പ്രസ്തുത റോഡ് നവീകരിച്ചത്. ആലപ്പുഴയില്‍ സി.പി.എം വിഭാഗീയത സജീവ ചര്‍ച്ചയായിരിക്കെയാണ് ആരിഫിന്റെ ആരോപണം എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീതയുമായി ഇക്കാര്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് എ.എം.ആരിഫ് പ്രതികരിച്ചു. ‘റോഡിന്റെ ശോച്യാവസ്ഥ പരിഗണിച്ചാണ് കത്തു നല്‍കിയത്. കരാറുകാരും എന്‍ജിനിയര്‍മാരുമാണ് ഇതിന്റെ ഉത്തരവാദികള്‍. സുധാകരന്‍ സത്യസന്ധമായാണ് ജോലി ഏറ്റെടുത്ത് ചെയ്യിച്ചത്. ‘ വിഷയം പാര്‍ട്ടി വിഭാഗീയതയുമായി ചേര്‍ത്തുവായിക്കരുതെന്നും ആരിഫ് പറഞ്ഞു.

 

Top