ദേശീയ പാത വികസനം; സുരേന്ദ്രന്റെ മലക്കംമറിച്ചിലിനെ പരിഹസിച്ച് റിയാസ്

തിരുവനന്തപുരം: ദേശീയ പാത വികസനത്തിൽ സംസ്ഥാന സർക്കാർ 25 ശതമാനം വിഹിതം ഇതുവരെ നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സമ്മതിച്ചതോടെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയ പാത വികസനത്തിൽ കേരള സർക്കാർ പണം മുടക്കിയിട്ടുണ്ട് എന്ന് ബഹുമാന്യനായ ബിജെപി സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒരു റോളുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന അദ്ദേഹം മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഏതായാലും ഇഷ്ടപ്പെട്ടുവെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

ദേശീയപാത അതോറിറ്റിക്കൊപ്പം ‘ചട്ടിത്തൊപ്പി’യും ധരിച്ചുകൊണ്ട് കേരള സർക്കാർ സംസ്‌ഥാനത്തെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് എന്ന ‘സർട്ടിഫിക്കറ്റ്’ കൂടി അദ്ദേഹം നൽകുന്നതിന് വേണ്ടി കാത്തുനിൽക്കുന്നു. ഏമാൻ കനിയുമല്ലോ? എന്നും പരിഹാസത്തോടെ റിയാസ് ചോദിച്ചു. നേരത്തെ, ദേശീയ പാത വികസനത്തിനായി ഇതുവരെ 5519 കോടി രൂപ കേരളം ചെലവഴിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പാർലമെന്റിൽ അറിയിക്കുകയായിരുന്നു.

എൻ എച്ച് 66 കടന്നുപോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് പണം ചെലവഴിക്കുന്നത്. കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവ് കൂടുതലായതിനാൽ 25 ശതമാനം വഹിക്കാൻ സംസ്ഥാനം തയ്യാറാവുകയായിരുന്നു എന്നും മന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന റോഡിന്റെ പടം ഫ്ലക്സടിച്ച് സ്വന്തം പടം വെക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസെന്നാണ് മുമ്പ് സുരേന്ദ്രൻ പറഞ്ഞത്.

എന്നാൽ, കേരളത്തിലെ ദേശീയ പാത ഭൂമിയെടുപ്പിനുള്ള 25 ശതമാനം സംസ്ഥാന വിഹിതം ഇനി നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയാണ് വിമര്‍ശിച്ചതെന്നാണ് സുരേന്ദ്രൻ ഇന്ന് പറഞ്ഞത്. ഇതിലുറച്ചു നില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് മുമ്പ് കേരളം വിഹിതം നല്‍കിയിട്ടില്ല എന്നു പറഞ്ഞിട്ടില്ല. ഇനി നല്‍കാനാവില്ല എന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചതാണ്. ഇതിനായി കെ വി തോമസ് ഉള്‍പ്പെടെയുള്ള മദ്ധ്യസ്ഥന്മാരെയും വിട്ടു. ഇതിനെക്കുറിച്ച് തെറ്റായ കാപ്‌സ്യൂൾ പ്രചരിപ്പിക്കേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top