മലപ്പുറം ജില്ലയിലെ ദേശീയപാത വികസനം ; സര്‍വേ തടഞ്ഞ് ഭൂവുടമകള്‍

strike

കുറ്റിപ്പുറം : മലപ്പുറം ജില്ലയിലെ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള സര്‍വേ തടഞ്ഞ് ഭൂവുടമകള്‍. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് സര്‍വേ. കനത്ത പോലീസ് സുരക്ഷയിലാണ് ഇന്ന് രാവിലെ സര്‍വേ ആരംഭിച്ചത്.

പ്രതിഷേധങ്ങളെ തുടര്‍ന്നു നാല് തവണ മാറ്റിവച്ച സര്‍വേ നടപടികളുമായാണ് അധികൃതര്‍ മുന്നോട്ട് പോകുന്നത്. കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്ന് സര്‍വേ ആരംഭിച്ചത്. കുറ്റിപ്പുറം പാലം മുതല്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമൂഴിക്കല്‍ വരെയുള്ള ഭാഗങ്ങളിലാണ് സര്‍വേ നടത്തേണ്ടത്.

അതേസമയം സര്‍വേ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് തടഞ്ഞു. ഭൂമി നഷ്ടമാകുന്നവരും ഹൈവേ ആക്ഷന്‍ കമ്മിറ്റിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിരിക്കുന്നത്.

റോഡിന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ രംഗത്ത് വന്നത്. എന്നാല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമേ വില നിശ്ചയിക്കാനാകൂ എന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.

Top