കേരളത്തിലെ ദേശീയപാതാ വികസനം 2025ൽ പൂർത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

കാസർകോട്: ദേശീയ പാതാ വികസനത്തിൽ കേരളത്തിൽ ചില ജില്ലകളിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിശ്ചയിച്ച തീയതിക്ക് മുമ്പ് തന്നെ പൂർത്തിയാക്കും വിധമാണ് പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ജില്ലയിലെ ദേശീയ പാതാ വികസന പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി പരിശോധിച്ചു.

ദേശീയ പാതാ വികസനത്തിനായി കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ 98 ശതമാനവും പൂർത്തിയായി. ഒൻപത് ജില്ലകളിൽ അതിവേഗമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിലാകെ 2025 ഓടെ ദേശീയ പാതാ വികസനം പൂർത്തിയാക്കാൻ ആകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അണ്ടർ പാസ് വേണം, വഴി അടയുന്നു തുടങ്ങി പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഉന്നയിച്ച പ്രധാന പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ആയിരിക്കും ദേശീയ പാതയുടെ നിർമാണമെന്നും മന്ത്രി ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ പാത വികസന പ്രവർത്തനങ്ങൾ മന്ത്രി പരിശോധിച്ചു. 2024 മെയ് 15 ഓടെ ജില്ലയിലെ നിർമ്മാണം പൂർത്തിയാക്കും. കുമ്പള പാലം ഈ വർഷം ഡിസംബറിലും കാസർകോട് മേൽപ്പാലം അടുത്ത വർഷം അവസാനവും തുറന്ന് കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

Top