കടല്‍ക്ഷോഭം രൂക്ഷം: ദേശീയപാത ഉപരോധിച്ച് അമ്പലപ്പുഴ തീരവാസികള്‍

wind2

ആലപ്പുഴ: അമ്പലപ്പുഴയില്‍ തീരവാസികള്‍ ദേശീയപാത ഉപരോധിച്ചു. കടല്‍ക്ഷോഭം അതിരൂക്ഷമായതിനെ തുടര്‍ന്നാണ് റോഡ് ഉപരോധിച്ചത്. അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണവും ചിലയിടങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്തതുമാണ് കടല്‍ക്ഷോഭത്തിന് കാരണമെന്നാരോപിച്ചായിരുന്നു പ്രദേശ വാസികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഉപരോധത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ഒടുവില്‍ കളക്ടറെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. മഴ ശക്തമായതോടെയാണ് അമ്പലപ്പുഴ, പുറക്കാട്, കാക്കാഴം, നീര്‍ക്കുന്നം ഭാഗങ്ങളില്‍ കടലാക്രമണം ശക്തമായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായി. വീടുകളിലേയ്ക്ക് തിരയടിച്ച് കയറാന്‍ തുടങ്ങിയതോടെയാണ് വൈകിട്ട് പ്രതിഷേധവുമായി തീരവാസികള്‍ അമ്പലപ്പുഴയില്‍ ദേശീയപാതയിലെത്തിയത്.

നൂറു കണക്കിന് തീരവാസികള്‍ എത്തിയതോടെ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് കളക്ടറെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.കടലാക്രമണത്തില്‍ ഭീഷണി നേരിടുന്ന വീടുകള്‍ക്കുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉറപ്പ് നല്‍കി. കടല്‍ക്ഷോഭ പ്രദേശത്ത് നിന്ന് ആളുകള്‍ക്ക് മാറി താമസിക്കാമെന്നും മാറി താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.

Top