‘അഞ്ച് കോടിയുടെ അനധികൃത ഇടപാടുകൾ‘- നാഷണൽ ഹെറാൾഡിൽ ​ഗാന്ധി കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യും

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വീണ്ടും ചോ​ദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇരുവരും പ്രധാന ഓഹരി ഉടമകളായിട്ടുള്ള ‘യങ് ഇന്ത്യ’യിൽ നാല്- അഞ്ച് കോടി രൂപയുടെ അനധികൃത ഇടപാടുകൾ ഇഡി കണ്ടെത്തിയതായാണ് റിപ്പോർട്ട്.

വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ യങ് ഇന്ത്യയുടെ ഡയറക്ടർമാരായ സോണിയ, രാഹുൽ, മല്ലികാർജുൻ ഖാർഗെ, പവൻ ബൻസൽ എന്നിവരെ ചോദ്യം ചെയ്യാൻ വീണ്ടും ഇഡി വിളിച്ചു വരുത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കടലാസ് കമ്പനികളിലൂടെ ഈ പണം കൈമാറിയെന്നും ഇത്തരം കമ്പനികളുടെ ഡയറക്ടർമാരെയും ഓഹരി ഉടമകളെയും ഇഡി ചോദ്യം ചെയ്തതായും സൂചനകളുണ്ട്.

ഡയറക്ടർമാരും ഓഹരി ഉടമകളും നിർണായക മൊഴികൾ നൽകിയതയാണ് വിവരം. സംശയാസ്പദമായ ഈ ഇടപാടുകളുടെ തെളിവുകൾ സഹിതമായിരിക്കും സോണിയ, രാഹുൽ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്യുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജവാഹർലാൽ നെഹ്റു തുടങ്ങിയ നാഷണൽ ഹെറാൾഡ് ദിനപത്രം നടത്തിപ്പുകാരായ എജെഎൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഏറ്റെടുത്ത കമ്പനിയാണ് യങ് ഇന്ത്യ. കടം കയറിയ നാഷണൽ ഹെറാൾഡിനെ രക്ഷിക്കാൻ കോൺഗ്രസ് 90 കോടി നൽകിയെങ്കിലും 2008ൽ പൂട്ടേണ്ടി വന്നു. 2010ൽ എജെഎൽ കമ്പനിയെ യങ് ഇന്ത്യ ഏറ്റെടുത്തു. സോണിയക്കും രാഹുലിനും 76 ശതമാനം ഓഹരിയാണ് ഇതിലുള്ളത്.

കൈമാറ്റത്തിനെതിരേ 2013ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹിയിലെ വിചാരണക്കോടതിയിൽ പരാതി നൽകി. ലാഭം നേടാൻ മാത്രമാണ് സോണിയയും രാഹുലും എജെഎലിനെ ഏറ്റെടുത്തതെന്നും കോൺഗ്രസിന്റെ 90 കോടി കടത്തിൽ 50 ലക്ഷം മാത്രമാണ് എജെഎൽ തിരികെ നൽകിയതെന്നും ബാക്കി 89.5 കോടി എഴുതിത്തള്ളിയെന്നും സ്വാമി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ അന്വേഷിച്ച കേസിലെ സാമ്പത്തിക ക്രമക്കേടാണ് ഇഡി അന്വേഷിക്കുന്നത്.

Top