നാഷനൽ ഹെറാൾഡ് കേസ്; ഡി.കെ ശിവകുമാറിന് ഇ.ഡി സമൻസ്

ബെം​ഗളൂരു: നാഷനൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. ഒക്ടോബര്‍ ഏഴിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി സമന്‍സ് അയച്ചിരിക്കുന്നത്.

സെപ്തംബര്‍ 19ന് ഡല്‍ഹിയിലെ ഇ.ഡി ഓഫീസില്‍ വച്ച് ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറിലേറെ നേരമാണ് ചോദ്യം ചെയ്തത്. നിലവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ കർണാടകയിലൂടെ പ്രയാണം തുടരവെയാണ് ഏറ്റവും പുതിയ സമൻസ്. യാത്രയിൽ ശിവകുമാറും പങ്കാളിയാണ്.

നാഷണല്‍ ഹെറാള്‍ഡ് കേസിലും യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന് തന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനകളിലും തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഡി.കെ ശിവകുമാര്‍ കഴിഞ്ഞ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നെ ബുദ്ധിമുട്ടിക്കാനും ഭരണഘടനാപരമായ ചുമതലകളെ തടസപ്പെടുത്താനുമാണ് ഇ.ഡിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top