നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകും. രാവിലെ പതിനൊന്നിന് ഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിനായി രാഹുൽ എത്തും. അതേസമയം രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശക്തി പ്രകടനത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. മുതിർന്ന നേതാക്കൾ പാർട്ടി ആസ്ഥാനത്ത് നിന്ന് ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും.

കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പാർട്ടി പ്രവർത്തകർ രാജ്യത്തുടനീളമുള്ള എൻഫോഴ്‌സ്‌മെന്റ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരും തലസ്ഥാനത്തെ പ്രതിഷേധത്തിന് എത്തിയേക്കും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാർച്ചോടെ നേതാക്കൾ രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

രാഹുൽ ഗാന്ധിക്കെതിരായ ഇഡി സമൻസ് വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും രംഗത്തെത്തി. എല്ലാ കോൺഗ്രസ് എംപിമാരും പ്രവർത്തക സമിതി അംഗങ്ങളും പാർട്ടിയിലെ പ്രമുഖ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടാകുമെന്ന് പൈലറ്റ് പറഞ്ഞു. അതേസമയം, ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി റാലിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫീസിലേക്ക് പ്രവർത്തകർ പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Top