സൗദിയില്‍ അതിഥി വിസ സമ്പ്രദായം ഉടന്‍ നടപ്പാക്കുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി

റിയാദ് : സൗദിയില്‍ അതിഥി വിസ സമ്പ്രദായം ഉടന്‍ പ്രാബല്യത്തിലാകുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി ഉപാധ്യക്ഷന്‍. മഖാം പോര്‍ട്ടല്‍ വഴി ഇടനിലക്കാരില്ലാതെ ഉംറ വിസക്ക് അപേക്ഷിക്കാമെന്നും അബ്ദുല്ല ഖാദി പറഞ്ഞു.

90 ദിവസത്തേക്കാണ് അതിഥി വിസ അനുവദിക്കുക. രാജ്യത്തെ പൗരന്മാര്‍ക്കും താമസരേഖയുള്ള വിദേശികള്‍ക്കും സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ അതിഥികളെ കൊണ്ടുവരുവാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ വിസ. എന്നാല്‍ ഏതെല്ലാം പ്രൊഫഷനുകള്‍ക്കാണ് അതിഥി വിസ അനുവദിക്കുക എന്നത് ഇപ്പോള്‍ വ്യക്തമല്ല.

ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തുടനീളം സഞ്ചരിക്കുന്നതിനും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനും പുതിയ ചട്ടപ്രകാരം അനുവാദം നല്‍കുന്നുണ്ട്. ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ക്ക് ഉംറ ചെയ്യുന്നതിനും തടസ്സങ്ങളില്ല. വനിതകളായ ഉംറ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മഹറം വ്യവസ്ഥയില്‍ മാറ്റം വരും.18 വയസ്സിന് മുകളിലുളള സ്ത്രീകള്‍ക്ക് മഹറമില്ലാതെ ഉംറക്ക് വരാം എന്ന ചട്ടം ഉടന്‍ നടപ്പിലാക്കും. നേരത്തെ ഇത് 45 വയസ്സായിരുന്നു. എന്നാല്‍ ഹജ്ജിനെത്തുന്നവര്‍ക്ക് വ്യത്യസ്ഥമായ വ്യവസ്ഥകളാണുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Top