National Green Tribunal: No new diesel vehicles to be registered in Delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം. ദേശീയ ഹരിത ട്രൈബ്യൂണലാണ് നിരോധനമേര്‍പ്പെടുത്തിയത്. ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിയ്ക്കില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി.

മലിനീകരണം തടയുന്നതിനാണ് ഇത്തരത്തില്‍ ഒരു തീരുമാനം. വകുപ്പുകള്‍ക്ക് വേണ്ടി ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹിയിലും രാജ്യത്താകെയും ഡീസല്‍ കാറുകള്‍ പൂര്‍ണമായും നിരോധിയ്ക്കാന്‍ ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. 15ന് ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും.

അരവിന്ദ് ഗുപ്ത എന്നയാളാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഈ കേസില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ
സമീപിച്ചത്. ഡല്‍ഹിയില മറ്റ് മലിനീകരണ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും അതേ ദിവസം സുപ്രീം കോടതി വാദം കേള്‍ക്കും.

ജനുവരി ഒന്ന് മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ നഗരത്തില്‍ കാറുകള്‍ അനുവദിയ്ക്കൂ എന്ന് നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആദ്യം 15 ദിവസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിയ്ക്കും ഇത് നടപ്പാക്കുക.

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണകരണമടക്കമുള്ള എല്ലാ മലിനീകരണവും അപമാനകരമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.

Top