ദേശീയ ഗെയിംസ്: വനിതകളുടെ ലോംഗ് ജമ്പിൽ കേരളത്തിന് സ്വർണ, വെങ്കല മെഡലുകൾ

ദേശീയ ഗെയിംസ് വനിതകളുടെ ലോംഗ് ജമ്പിൽ കേരളത്തിന് സ്വർണം. നയന ജെയിംസ് ആണ് കേരളത്തിനായി സ്വർണം നേടിയത്. ഈയിനത്തിൽ മൂന്ന് കേരള താരങ്ങളാണ് മത്സരിച്ചത്. കോമൺവെൽത്ത് ഗെയിംസിലടക്കം പങ്കെടുത്ത ആൻസി സോജന് മെഡൽ നേടാനായില്ല. മറ്റൊരു കേരള താരമായ ശ്രുതിലക്ഷ്‌മിയ്ക്കാണ് ഈയിനത്തിൽ വെങ്കലം.

വനിതകളുടെ ലോംഗ് ജമ്പിൽ കേരളം പതിവ് കാത്തു. 6.33 മീറ്റ‍ർ ദൂരം ചാടി നയന ജെയിംസാണ് സ്വർണം ചൂടിയത്. 6.24 മീറ്റ‍ർ ചാടിയ ശ്രുതി ലക്ഷ്മിക്കാണ് ഈ ഇനത്തിൽ വെങ്കലം. ഹെപ്റ്റാത്തലണിൽ കേരളത്തിന്റെ മറീൻ ജോ‍ർ‍ജ്ജ് വെളളി നേടി. റോവിം​ഗ് ടീം ഇനത്തിലും കേരളം സ്വർണം നേടി. എച്ച്.എസ് പ്രണോയ്, ട്രീസ ജോളി എന്നീ അന്താരാഷ്ട്ര താരങ്ങൾ അടങ്ങിയ ബാഡ്മിന്റൺ ടീം ഫൈനലിൽ തോറ്റു. തെലങ്കാനയോട് ഏകപക്ഷീയമായിട്ടായിരുന്നു തോൽവി. വനിതകളുടെ 3-3 ബാസ്ക്കറ്റ് ബോളിൽ തെലങ്കാനയോട് തോറ്റ കേരളം വെളളി കൊണ്ട് തൃപ്തിപ്പെട്ടു. സ്റ്റെഫി നിക്സൺ അട​ക്കമുളള ടീം 17-13 എന്ന സ്കോറിനാണ് തോറ്റത്. ഫെൻസിം​ഗിൽ ഫോയിൽ ടീം ഇനത്തിലും കേരളം വെളളികോണ്ട് തൃപ്തിപ്പെട്ടു. ഫൈനലിൽ മണിപ്പൂരിനോടാണ് 45-41 എന്ന സ്കോറിന് കേരളം കീഴടങ്ങിയത്.

അവസാനമായി ദേശീയ ഗെയിംസ് നടന്ന 2015ൽ 162 മെഡലുകൾ നേടിയ കേരള ടീം ഇക്കൊല്ലം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. പല ഇവൻ്റുകളിലും നമുക്ക് ഫൈനലിൽ കടക്കാൻ പോലും നമുക്ക് സാധിക്കുന്നില്ല. അത്ലറ്റിക്സിൽ കേരളം ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും മറ്റ് ഇവൻ്റുകളിൽ നമ്മൾ വളരെ മോശം പ്രകടനമാണ് നടത്തുന്നത്.

Top