അര്‍ഹതയ്ക്കാണ് അംഗീകാരമെങ്കില്‍ അവാര്‍ഡ് മമ്മൂട്ടിക്ക് നല്‍കണമായിരുന്നു . . .

ന്താണ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിക്കാനുള്ള മാനദണ്ഡം ? ഇതിനുള്ള മറുപടി ഇനി കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്.

മമ്മൂട്ടിയേക്കാള്‍ എന്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടാണ് വിക്കി കൗശലിനും ആയുഷ്മാന്‍ ഖുറാനക്കും മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയിരിക്കുന്നത് ? പേരന്‍പിലെ മമ്മൂട്ടിക്കും മീതെ ഈ നടന്‍മാര്‍ വിസ്മയിപ്പിച്ചു എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ അന്ധന്‍മാരല്ല പ്രേക്ഷകര്‍ എന്ന് ജൂറി മനസ്സിലാക്കുന്നത് നല്ലതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സൂപ്പര്‍ താരപരിവേഷം നല്‍കിയ ‘ഉറി’ സിനിമയുടെ നായകന്‍ വിക്കി കൗശലാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍. തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ സര്‍ജ്ജിക്കല്‍ സ്ട്രൈക്കിന്റെ കഥ പറയുന്ന സിനിമയാണ് ഉറി.

ഈ സിനിമയിലെ ‘ഹൗ ഇസ് ദി ജോഷ്’ എന്ന വാചകം മോദി തന്നെ പരസ്യമായി പ്രയോഗിച്ച് മുന്‍പ് കയ്യടി നേടിയിട്ടുണ്ട്. മുംബൈയിലെ നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടന വേളയിലായിരുന്നു ഈ പരാമര്‍ശം. മോദിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണ് ‘ഉറി’ സിനിമ എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്. ‘ഉറി’ സംവിധാനം ചെയ്ത ആദിത്യ ധര്‍ തന്നെയാണ് മികച്ച സംവിധായകനുള്ള അവാര്‍ഡും കരസ്ഥമാക്കിയിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ ബാല്യകാലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ‘ചലോ ജീത്തേഹേ’ എന്ന ചിത്രത്തിന് മികച്ച കുടുംബ മൂല്യങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മോദിയുടെ ഇന്റര്‍വ്യൂ നടത്തിയും പരസ്യമായി എ.ബി.വി.പി പതാക വീശിയും ശ്രദ്ധേയനായ നടന്‍ അക്ഷയ് കുമാര്‍ നായകനായ പാഡ്മാനും ലഭിച്ചിട്ടുണ്ട് ഒരു ദേശീയ അവാര്‍ഡ്.

ഇതു കൊണ്ടൊന്നും തീരുന്നതല്ല അവാര്‍ഡിലെ കാവി സ്‌നേഹം. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കീര്‍ത്തി സുരേഷ് ഉറച്ച സംഘപരിവാറുകാരനായ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ മകളാണ്. അര്‍ഹതക്കുള്ള അംഗീകാരമാണ് കീര്‍ത്തി സുരേഷിനും വിക്കി കൗശലിനും എല്ലാം ലഭിച്ചതെങ്കില്‍ എതിര്‍ക്കുന്നില്ല. പക്ഷേ എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടു എന്നതിന് അവാര്‍ഡ് ജൂറി മറുപടി പറഞ്ഞേ പറ്റൂ.

മമ്മൂട്ടി നായകനായ പേരന്‍പ് എന്ന തമിഴ് സിനിമ റിലീസിന് മുന്‍പ് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയാണിത്.

ഈ സിനിമയിലെ അമുദനായുള്ള മമ്മൂട്ടിയുടെ പ്രകടനം അസാധാരണവും ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു. അതു കൊണ്ട് തന്നെ ഈ സിനിമയ്ക്കും മമ്മൂട്ടിക്കും അവാര്‍ഡുകള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ ആ സ്വപ്‌നം തകര്‍ന്നു കഴിഞ്ഞു. എന്തിനു വേണ്ടി ? ആര്‍ക്ക് വേണ്ടി മമ്മൂട്ടിയെ ഒഴിവാക്കി എന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്.

ഒരു കമ്യൂണിസ്റ്റുകാരനായത് കൊണ്ടാണോ മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടത് എന്ന ചോദ്യം ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ പറഞ്ഞ മറുപടിയും പരിഹാസ്യമാണ്. ഇത്തരം ചോദ്യം തന്നെ വിഷമകരമായ കാര്യമാണെന്ന് പറഞ്ഞ ജൂറി ചെയര്‍മാന്‍, തീരുമാനം ഒന്നിച്ചെടുത്തതായിരുന്നു എന്നാണ് വ്യക്തമാക്കിയത്.

ആര്‍ക്ക് അവാര്‍ഡ് കൊടുക്കണം, കൊടുക്കരുത് എന്നത് വ്യക്തിനിഷ്ഠമായ കാര്യമാണെന്നും ജൂറി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ പ്രതികരണത്തില്‍ തന്നെ, മറഞ്ഞിരുന്ന താല്‍പ്പര്യവും വ്യക്തമാണ്.

സിനിമയിലെ മോദിക്ക് വേണ്ടി കമ്യൂണിസ്റ്റുകാരനായ നടനെ മാറ്റി നിര്‍ത്തുകയായിരുന്നുവെങ്കില്‍ അത് സിനിമാ മേഖലയോട് ചെയ്ത കൊടും വഞ്ചനയാണ്. മനുഷ്യനെ ഏറ്റവും അധികം ആഴത്തില്‍ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ. കച്ചവട സിനിമകളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ കണ്ണീരിന്റെ കഥ പറഞ്ഞ സിനിമ കൂടിയാണ് പേരന്‍പ്.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഈ അച്ഛന്റെയും മകളുടെയും കഥയിലൂടെ പലവിധ ജീവിതസാഹചര്യങ്ങളാല്‍ ഒറ്റപ്പെട്ടും ഓരം ചേര്‍ക്കപ്പെട്ടും പോകുന്ന മനുഷ്യരിലേക്കാണ് സംവിധായകന്‍ റാം പ്രേക്ഷകരെ കൊണ്ടുപോയിരിക്കുന്നത്. വൈകാരികമായി ഈറനണിയിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് പേരന്‍പ്. ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ സിനിമയില്‍ മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നത്.

ഒരു സങ്കടക്കടല്‍ തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രമാണിത്. മകള്‍ക്ക് തുണ എന്നതിനപ്പുറം ജീവിതത്തിന്റെ നിറങ്ങളെല്ലാം കെട്ടുപോയൊരു മനുഷ്യന്റെ വ്യഥ പ്രേക്ഷകരുടെ ഉള്ളില്‍ത്തട്ടും വിധം മമ്മൂട്ടി സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ടോട്ടല്‍ ഫിലിമോഗ്രഫിയില്‍ അദ്ദേഹത്തിലെ നടന്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ എടുത്തുവെക്കുമ്പോള്‍ ഒഴിവാക്കരുതാത്ത കഥാപാത്രവും പ്രകടനവുമാണ് പേരന്‍പിലെ അമുദന്റേത്. ‘Resurrection’ എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റില്‍. ഒരര്‍ഥത്തില്‍ മമ്മൂട്ടിയിലെ മാറ്റുള്ള അഭിനേതാവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് പേരന്‍പിലൂടെ സംഭവിച്ചിരിക്കുന്നത്.

സാധനയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്നത്. ഈ പെണ്‍കുട്ടി കാഴ്ചവച്ച അസാധാരണ പ്രകടനം ദേശീയ അവാര്‍ഡ് ജൂറി കാണാതെ പോയതും ഞെട്ടിക്കുന്നതാണ്. എത്രത്തോളം അനുഭവസമ്പത്തുള്ള അഭിനേത്രിക്കും ഫലിപ്പിക്കാന്‍ പ്രയാസമുള്ള കഥാപാത്രത്തെ അതിഗംഭീരമായാണ് കൗമാരക്കാരിയായ ഈ നടി അവതരിപ്പിച്ചിരിക്കുന്നത്. ഒരു സിനിമ കാണുന്നുവെന്ന തലത്തിനപ്പുറത്തുള്ള വൈകാരികമായ പ്രതലത്തിലേക്ക് പ്രേക്ഷകരെ ഉയര്‍ത്തുന്നത് മമ്മൂട്ടിയുടെയും സാധനയുടെയും അസാധ്യ പ്രകടനമായിരുന്നു.

148 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അമുദനും മകള്‍ക്കുമൊപ്പം ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് പ്രകൃതി. പന്ത്രണ്ട് അധ്യായങ്ങളുടെ രൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പേരന്‍പിന്റെ ഓരോ അധ്യായത്തിന്റെ പേരിലും പ്രകൃതിയും അതിന്റെ വിവിധ ഭാവങ്ങളുമുണ്ട്. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ സവിശേഷ ജീവിതസാഹചര്യങ്ങളിലുള്ള മനുഷ്യരെയും അവരുടെ ജീവിതത്തെയുമാണ് പേരന്‍പിലും റാം പരിചയപ്പെടുത്തുന്നത്.

ഇവിടെ അവഗണിക്കപ്പെട്ടത് മമ്മൂട്ടി എന്ന മഹാനടനും സാധനയും റാമും മാത്രമല്ല, സിനിമ മേഖലയിലെ മൂല്യങ്ങള്‍ കൂടിയാണ്. നിരവധി തവണ ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടി നാടിനെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ സംബന്ധിച്ച് ഇനി ഒരു ദേശീയ അവാര്‍ഡ് കൂടി കിട്ടിയില്ലങ്കില്‍ ഒന്നും സംഭവിക്കാനില്ല. എന്നാല്‍ സംഭവിക്കാനുള്ളത് ചലച്ചിത്ര മേഖലക്കാണ്.

നല്ല സിനിമകളാണ് ഇതോടെ നമ്മുക്ക് മുന്നില്‍ അപ്രത്യക്ഷമാകുക. പ്രതിഫലം പോലും വാങ്ങാതെയാണ് മമ്മൂട്ടി പേരന്‍പില്‍ അഭിനയിച്ചതെന്നതു കൂടി നാം ഓര്‍ക്കണം. സമൂഹത്തോടുള്ള പ്രതിബദ്ധതയുള്ളതുകൊണ്ടാണ് മമ്മൂട്ടിക്കത് സാധ്യമാകുന്നത്. ആ മനസ്സു കാണാന്‍, അഭിനയ മികവ് കാണാന്‍… ജൂറി കമ്മറ്റിയിലെ മേജര്‍ രവിക്കു പോലും കഴിയാതിരുന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

മമ്മൂട്ടിയുടെ സ്ഥാനത്ത് മോഹന്‍ലാല്‍ ആയിരുന്നുവെങ്കില്‍ മേജര്‍ രവിയുടെ ഉള്ളിലെ കാവി താല്‍പര്യവും പുറത്തു വരുമായിരുന്നു. അത്തരമൊരു ഘട്ടത്തില്‍ രണ്ട് മികച്ച നടന്മാരില്‍ നിന്നും മൂന്ന് മികച്ച നടന്മാരിലേക്ക് കാര്യങ്ങള്‍ പോയാലും അത്ഭുതപ്പെടേണ്ടിവരുമായിരുന്നില്ല. അക്കാര്യം ഉറപ്പാണ്.

നിലപാടുകളുടെ പേരില്‍ നിഷേധിക്കപ്പെടാനുള്ളതാണ് ദേശീയ അവാര്‍ഡെങ്കില്‍ ആ പുരസ്‌ക്കാരം മമ്മൂട്ടിക്ക് ആവശ്യമില്ല. നിങ്ങള്‍ നല്‍കുന്ന അവാര്‍ഡിനേക്കാള്‍ വലിയ അവാര്‍ഡ് ഇതിനകം തന്നെ മമ്മൂട്ടി കരസ്ഥമാക്കിയിട്ടുണ്ട്. അക്കാര്യം ദേശീയ അവാര്‍ഡ് ജൂറി ഓര്‍ക്കുന്നത് നല്ലതാണ്. കലയെ കാവി വല്‍ക്കരിക്കാന്‍ ആരും ശ്രമിക്കരുത്. അത് സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുക.

Staff Reporter

Top