രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു : മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പോലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിച്ചിലുണ്ടായത്. പെട്ടിമുടിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇതോടെ 20 എസ്റ്റേറ്റ് ലയങ്ങള്‍ മണ്ണിനടിയിലായി. മണ്ണിടിഞ്ഞുവീണ് നാല് പേര്‍ മരിച്ചു. 83 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

Top