ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയം സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണം: ട്രായ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: 2018 ല്‍ മന്ത്രിസംഭ അംഗീകാരം നല്‍കിയ ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയം (എന്‍.ഡി.സി.പി.) സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ശര്‍മ്മ. ടെലികോം കമ്പനികളുടെ സംഘടനയായ സി.ഓ.എ.ഐയുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

നയത്തിന്റെ നിബന്ധനകളെ കുറിച്ച് ആരും ആശങ്ക ഉന്നയിച്ചിട്ടില്ല. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തില്‍ ഒരു പ്രധാന പങ്കുവഹിക്കുന്ന ടെലികോം മേഖലയെ ശക്തിപ്പെടുത്താന്‍ എന്‍.ഡി.സി.പി. നയം നടപ്പാക്കേണ്ടതുണ്ട്. ഇത് ടെലികോം മേഖലയുടെ സാമ്പത്തിക സമ്മര്‍ദ്ദം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെലികോം മേഖലയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള വിവിധ നടപടികള്‍ ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജ്ജം, തൊഴില്‍, നവീകരണം തുടങ്ങി വിവിധ മേഖലകളിലെ വികസനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ശക്തമായ ഡിജിറ്റല്‍ ആശയവിനിമയ ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുക എന്നതാണ് എന്‍ഡിസിപിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്, ”ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ സമയത്ത് എല്ലാവരും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ജോലിക്കും വിനോദത്തിനും തടസമില്ലാത്ത നെറ്റ്വര്‍ക്ക് നല്‍കുന്നതിനും ടെലികോം മേഖല പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Top