യുവമോർച്ചക്കാരിക്കു ‘വേണ്ടി’ ഡൽഹിയിൽ നിന്നും പറന്നെത്തും, ദേശീയ വനിതാ കമ്മീഷൻ നിലപാട് രാഷ്ടട്രീയ പ്രേരിതം !

ദേശീയ വനിതാ കമ്മിഷൻ എന്നത് ഒരിക്കലും “ദേശീയ ബി.ജെ.പി കമ്മിഷനാകാൻ” പാടുള്ളതല്ല. ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ ഇപ്പോഴത്തെ നിലപാടു കാണുമ്പോൾ ഇത് ബി.ജെ.പി കമ്മീഷനാണോ എന്നാണ് തോന്നിപ്പോവുക. കോഴിക്കോട് മുണ്ടിക്കൽതാഴം ജംക്‌ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ പുരുഷ പൊലീസുകാരൻ തടഞ്ഞ സംഭവം അന്വേഷിക്കാനാണ് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് കുതിച്ചെത്തുന്നത്.

വിഷയം ഏറ്റെടുക്കുമെന്നും ഇതിനായി മാർച്ച് 9 ന് കേരളത്തിൽ എത്തുമെന്നുമാണ് അവർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പി വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ ട്വീറ്റിനു മറുപടിയായാണ് ഇക്കാര്യം അവർ അറിയിച്ചിരിക്കുന്നത്. വിസ്മയ പിലാശ്ശേരിയെ പുരുഷ പൊലീസ് തടയുന്നതിന്റെ ചിത്രം അടക്കമുള്ള വാർത്തയാണ് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത ട്വീറ്റ് ചെയ്തിരുന്നത്. “കേരളത്തിലെ ക്രമസമാധാനനില വിനാശകരമാണെന്നും അത് സംരക്ഷിക്കേണ്ടവർ തന്നെയാണ് ലംഘിക്കുന്നവരെന്നുമായിരുന്നു” മഹിളാ മോർച്ചയുടെ ട്വീറ്റിൽ ആരോപിച്ചിരുന്നത്.

ഒരു പ്രതിപക്ഷ സംഘടന എന്ന നിലയിൽ മഹിളാ മോർച്ചയ്ക്ക് ഇങ്ങനെ ട്വീറ്റ് ചെയ്യാനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ “കാള പെറ്റെന്ന് കേട്ട മാത്രയിൽ… കയറെടുക്കാൻ ഓടുന്ന” ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ നിലപാട് ആ പദവിക്ക് യോജിച്ചതല്ല. ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഡൽഹിയിൽ നിന്നും പറന്നു വരേണ്ട ഒരു അടിയന്തര സാഹചര്യവും ഇവിടെ ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി ജീവിക്കാൻ പറ്റുന്ന സംസ്ഥാനങ്ങൾ പരിശോധിച്ചാൽ അതിൽ ഒന്നാം നമ്പർ കേരളമായിരിക്കും.

സ്ത്രീ സുരക്ഷക്കായി കേരള പൊലീസ് നടപ്പാക്കിയടത്തോളം പദ്ധതികളും നടപടികളും രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ലന്നതും പച്ചയായ യാഥാർത്ഥ്യമാണ്. അങ്ങനെ ഉണർന്നു പ്രവർത്തിക്കുന്ന കേരള പൊലീസിനെയും അവരെ നയിക്കുന്ന ഇടതുപക്ഷ ഭരണകൂടത്തെയും പ്രതിരോധത്തിലാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ കേരള സന്ദർശനത്തിനു പിന്നിലെങ്കിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

ഒരു സമരത്തിന്റെ ഭാഗമായുണ്ടായ പൊലീസ് പ്രതിരോധത്തെയാണ് യുവതിക്കു നേരെയുള്ള പുരുഷ പൊലീസിന്റെ കടന്നാക്രമണമായി ബി.ജെ.പിയും മഹിളാ മോർച്ചയും ചിത്രീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ നടക്കുന്നത് ഇത് കേരളത്തിൽ ആദ്യ സംഭവമൊന്നുമല്ല. എത്രയോ സംഭവങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടാനുണ്ട്. അത്തരം സംഭവങ്ങളിലെല്ലാം പൊലീസ് സ്വീകരിക്കുന്ന നിലപാടിനേക്കാൾ തികച്ചും മൃദുവായ നിലപാടാണ് കോഴിക്കോട്ടെ സമരമുഖത്ത് കേരള പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

മുൻപ് യു.ഡി.എഫ് സർക്കാറുകളുടെ കാലത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും വനിതാ പ്രവർത്തകർ പുരുഷ പൊലീസുകാരിൽ നിന്നും നേരിട്ട ക്രൂര മർദ്ദനങ്ങളുടെ ഒരു ശതമാനം പോലും ഇടതുപക്ഷ ഭരണത്തിൽ ചരിത്രത്തിൽ ഇതുവരെ പ്രതിപക്ഷ സംഘടനാ പ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടില്ല. അക്കാലത്തൊന്നും ഒരു ദേശീയ വനിതാ കമ്മിഷനെയും ഈ കേരളത്തിൽ കണ്ടിട്ടുമില്ല. ഇക്കാര്യം ഓർമ്മിപ്പിച്ചെന്നു മാത്രം.യു.ഡി.എഫ് ഭരണകാലത്ത് നടന്ന സംഭവങ്ങളുമായി കോഴിക്കോട് ഇപ്പോൾ നടന്ന സംഭവത്തെ താരതമ്യം ചെയ്യാൻ പോലും കഴിയുകയില്ല. എസ്.എഫ്.ഐ – ഡി.വൈ.എഫ് ഐ വനിതാ പ്രവർത്തകരെ മർദ്ദിച്ചതു പോലെ ഇടതു ഭരണകാലത്ത് ഒരു യുവമോർച്ചകാരിയെയും കേരള പൊലീസ് ആക്രമിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കറുത്ത കൊടിയുമായി ചാടാൻ ശ്രമിച്ചപ്പോയാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ പിടിച്ചു മാറ്റിയത് അങ്ങനെ ചെയ്യാതെ ആ പൊലീസുകാരൻ നോക്കി നിന്നിരുന്നു എങ്കിൽ എന്താണ് സംഭവിക്കുമായിരുന്നത് എന്നതു കൂടി വിഷയത്തിൽ ഇടപെടുന്ന ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ചിന്തിക്കുന്നത് നല്ലതായിരിക്കും. ഇവിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെയല്ല പ്രതിഷേധക്കാരിയായ യുവമോർച്ച വനിതാ നേതാവിന്റെ ജീവനാണ് പൊലീസ് സംരക്ഷിച്ചിരിക്കുന്നത്.

കൺമുന്നിലെ അപകടം ഒഴിവാക്കാൻ പിടിച്ചുമാറ്റുക എന്നത് കാക്കിയിട്ടവന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുന്നത് മുന്നിലുള്ളത് സ്ത്രീയാണോ പുരുഷനാണോ എന്നു നോക്കിയിട്ടുമല്ല. അങ്ങനെ ലിംഗ നിർണ്ണയം നടത്തി ഇടപെടൽ നടത്താൻ മുണ്ടിക്കൽതാഴം ജംങ്ങ്ഷനിൽ നടന്നത്സെ ൻസസൊന്നുമല്ലന്നതും ഓർത്തു കൊള്ളണം. മാത്രമല്ല കുത്തിയിരിപ്പ് സമരം നടത്തുന്ന സ്ത്രീകളെ നീക്കം ചെയ്യാൻ വനിതാ പൊലീസിനായി കാത്ത് നിൽക്കുന്നതു പോലെ ഇവിടെ ആ പൊലീസുകാരൻ മാറി നിന്നിരുന്നെങ്കിൽ വലിയ അത്യാഹിതം തന്നെ ഒരുപക്ഷേ സംഭവിക്കുമായിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കറുത്ത കൊടിയുമായി ഓടിയടുക്കുന്ന ഓരോ പ്രതിഷേധക്കാരനും സ്വന്തം ജീവൻ പണയം വച്ചാണ് കളിക്കുന്നത്. റോഡിലൂടെ ചീറിപ്പാഞ്ഞു വരുന്നത് മനുഷ്യനല്ല വാഹനങ്ങളാണ് ബ്രേക്കിട്ടാലും അത് ചവിട്ടിയ ഇടത്തു തന്നെ നിന്നു കൊള്ളണമെന്നില്ല. ഇതെല്ലാം ഏത് കൊച്ചു കുട്ടികൾക്കും അറിയാവുന്ന കാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ ‘സ്പോട്ടിൽ’ തന്നെയാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. അത്തരം ഒരു പ്രതിരോധമല്ലാതെ കോഴിക്കോട് മുണ്ടിക്കൽതാഴം ജംങ്ങ്ഷനിൽ മറ്റൊന്നും തന്നെ സംഭവിച്ചിട്ടില്ല.

തടയപ്പെട്ടത് യുവമോർച്ച വനിതാ നേതാവായതു കൊണ്ട് ഡൽഹിയിൽ നിന്നും വന്ന് ഇടപെട്ടു കളയാം എന്ന ദാർഷ്ട്യം ആര് പ്രകടിപ്പിച്ചാലും അത് തികഞ്ഞ അധികാര ദുർവിനയോഗം തന്നെയാണ്. രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന പീഢനങ്ങളിലും അതിക്രമങ്ങളിലും നോക്കുകുത്തിയായി നിൽക്കുന്നവർ കേരളത്തിൽ യുവമോർച്ച നേതാവിനെ പിടിച്ചു മാറ്റിയ സംഭവം ആഗോള സംഭവമാക്കി മാറ്റുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയാണ് ഉള്ളത്. അങ്ങനെ പൊതു സമൂഹം സംശയിച്ചാൽ അവരെ ഒരിക്കലും കുറ്റം പറയാൻ കഴിയുകയുമില്ല.

ദേശീയ വനിതാ കമ്മീഷന്റെ മൂക്കിനു താഴെയുള്ള ജവഹർലാൽ നെഹറു സർവ്വകലാശാലയിൽ പെൺകുട്ടികളുടെ തല അക്രമികൾ അടിച്ചു പൊട്ടിച്ചപ്പോഴും പൊലീസ് അതിക്രമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും എവിടെ ആയിരുന്നു ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്നതിനും ഉത്തരവാദിത്വപ്പെട്ടവർ മറുപടി പറയേണ്ടതുണ്ട്. ഇവിടെയാണ് ആമുഖത്തിൽ പറഞ്ഞ വാചകവും പ്രസക്തമാകുന്നത്. “ദേശീയ വനിതാ കമ്മീഷൻ എന്നത് ഒരിക്കലും ‘ദേശീയ ബി ജെ പി കമ്മീഷനാകാൻ’ പാടുള്ളതല്ല” നിഷ്പക്ഷമായ നീതി നിർവ്വഹണമാണ് കമ്മീഷനിൽ നിന്നും ഉണ്ടാകേണ്ടത്. മഹിളാ മോർച്ച ഒരു ട്വീറ്റ് ചെയ്തപ്പോൾ അതിലെ വസ്തുതയും പ്രാധാന്യവും നോക്കാതെ ഉടനടി കുതിച്ചെത്തുന്ന രീതിയെയാണ് ഞങ്ങളും ചോദ്യം ചെയ്യുന്നത്. ഇതൊരു അസാധാരണ നടപടി തന്നെയാണ്. അതെന്തായാലും പറയാതെ വയ്യ.

നിലവിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ മുൻ നിർത്തി കേന്ദ്രസർക്കാർ പക പോക്കൽ നടത്തുകയാണെന്ന ആക്ഷേപം വളരെ ശക്തമായി തന്നെയുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി പോലും അഴിക്കുള്ളിലായ സാഹചര്യമാണ് രാജ്യത്തുള്ളത്. കേരളത്തിലും കേന്ദ്ര ഏജൻസികൾ സ്വപ്ന സുരേഷിനെ മുൻ നിർത്തി പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അർധ ജുഡീഷ്യൽ സ്ഥാപനമായ ദേശീയ വനിതാ കമ്മീഷന്റെയും ഇടപെടൽ ഉണ്ടായിരിക്കുന്നത്. “സമീപ ഭാവിയിൽ കേരളത്തിലും ബി.ജെ.പി അധികാരത്തിൽ വരുമെന്ന” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണവും ചെറിയ സംഭവങ്ങളെ പോലും പർവ്വതീകരിക്കുന്ന ബി.ജെ.പിയുടെയും മഹിളാ മോർച്ചയുടെയും നിലപാടുകളുമെല്ലാം ചേർത്തു വായിക്കുമ്പോൾ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണ് തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്.

പൊലീസിനെ പ്രതിക്കൂട്ടിലാക്കാൻ കേരളത്തിലേക്ക് കുതിച്ചെത്താൻ വെമ്പൽ കൊള്ളുന്ന ബഹുമാന്യയായ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഒരു കാര്യം എന്തായാലും മനസ്സിലാക്കുന്നത് നല്ലതാണ്. രാജ്യത്തിനു തന്നെ മാതൃകയായ പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അത് ക്രമസമാധാന പാലനത്തിന്റെ കാര്യത്തിലായാലും കുറ്റാന്വേഷണ മികവിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. പൊതുവെ മാന്യമായി പെരുമാറുന്ന ഈ സേനയുടെ മനോവീര്യം തകർക്കാനാണോ കമ്മീഷൻ അദ്ധ്യക്ഷയായ മാഡം ഇവിടേക്ക് വരുന്നതെന്ന ചോദ്യത്തിനും മറുപടി പറയേണ്ടതുണ്ട്. തന്റെ മുന്നിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി സ്ത്രീകളുടെ കണ്ണീരിൽ കുതിർന്ന ഗൗരവമുള്ള അനവധി പരാതികൾ ഉള്ളപ്പോഴാണ് അതെല്ലാം മാറ്റിവച്ച് യുവമോർച്ച വനിതാ നേതാവിനെ തടഞ്ഞ പൊലീസുകാരനെ പാഠം പഠിപ്പിക്കാൻ രേഖ ശർമ്മ കുതിച്ചെത്തുന്നത്. ഇതുവഴി കേരളത്തിനകത്തും പുറത്തും ഇടതുപക്ഷ സർക്കാറിനെ മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യമെങ്കിൽ ആ ലക്ഷ്യം എന്തായാലും പാളാൻ തന്നെയാണ് സാധ്യത.

EXPRESS KERALA VIEW

Top