ലോക് സഭയില്‍ പിന്തുണച്ചു, രാജ്യസഭയില്‍ പിന്തുണയ്ക്കില്ല; ഉത്തരം തേടി ശിവസേന

മുംബൈ: രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മുന്‍ സഖ്യകക്ഷിയായ ബിജെപിക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി ശിവസേന. പാര്‍ട്ടിയുടെ ചോദ്യങ്ങളില്‍ വ്യക്തത ഉണ്ടാകുന്നതുവരെ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

കാര്യങ്ങള്‍ വ്യക്തമായില്ലെങ്കില്‍ ഞങ്ങള്‍ ബില്ലിന് പിന്തുണ നല്‍കില്ലെന്നാണ് താക്കറെ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അമിത് ഷാ ബില്ല് അവതരിപ്പിച്ചപ്പോള്‍ സേന അതിനെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോള്‍ ബില്ലിനെക്കുറിച്ച് വിശദമായ ചര്‍ച്ച ആവശ്യമാണെന്നാണ് താക്കറെ പറയുന്നത്. മാത്രമല്ല ബില്‍ നടപ്പാക്കുന്നതിനേക്കാള്‍ കൂടുതല്‍ സമ്പദ്വ്യവസ്ഥ, തൊഴില്‍ പ്രതിസന്ധി, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, പ്രത്യേകിച്ച് ഉള്ളി വിലക്കയറ്റം എന്നിവയെക്കുറിച്ച് മോദി സര്‍ക്കാര്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബില്ലിനെതിരെ ഉയരുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് അദ്ദേഹം വിലയിരുത്തി. ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്ത ഒരു മിഥ്യാ ധാരണയാണ് ബില്ലിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നയാള്‍ രാജ്യസ്‌നേഹിയാണെന്നും അതിനെ എതിര്‍ക്കുന്നയാള്‍ ദേശവിരുദ്ധനാണെന്നതും. എന്നാല്‍ ഈ ധാരണ മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതായും താക്കറെ കൂട്ടിച്ചേര്‍ത്തു.

ഏഴ് മണിക്കൂറിലധികം നീണ്ട ചൂടേറിയ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ബില്ലിനെതിരെ ഉയരുന്നത്.

Top