പൗരത്വ നിയമഭേദഗതി ബില്ല്; അസമില്‍ പ്രതിഷേധം, മുന്‍ നിരയില്‍ വിദ്യാര്‍ത്ഥികള്‍

ദിസ്പൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം. അസമില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സംസ്ഥാനത്ത് പലയിടത്തും പരക്കെ അക്രമങ്ങള്‍ ഉണ്ടായതായാണ് വിവരം. അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അതേസമയം അസമില്‍ ഇന്ന് നടക്കാനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്. ലോക്‌സഭയില്‍ ഇന്നലെ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. വന്ദേമാതരം വിളിയോടെയായിയിരുന്നു ഭരണപക്ഷ എംപിമാര്‍ ബില്ല് പാസാക്കിയത് ആഘോഷിച്ചത്. ബില്ലിനെതിരായി 80 പേരും 311 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു.

കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിടാതെ തന്നെ തള്ളുകയായിരുന്നു. ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാറിന് സാധിക്കുമെന്നാണ് സൂചന.

Top