ദേശീയ പുരസ്‌കാരദാന ചടങ്ങിൽ ജയരാജനും യേശുദാസും; പ്രതിഷേധക്കാരെ ഒഴിവാക്കി

ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നു. കേരളത്തില്‍ നിന്നുള്ള പ്രതിഭകള്‍ അടക്കം 68 പേരാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. മലയാള സിനിമയില്‍ നിന്ന് ജയരാജ്, യേശുദാസ്, നിഖില്‍ എസ്. പ്രവീണ്‍,സന്ദീപ് പാമ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡ് സമ്മാനിക്കാന്‍ കേന്ദ്രം തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതും സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സര്‍ക്കാറിന്റെ വിശദീകരണം.

അതേസമയം, പ്രതിഷേധിച്ചവരുടെ ഇരിപ്പിടങ്ങളും പേരും വിജ്ഞാന്‍ ഭവനിലെ ഹാളില്‍ നിന്ന് നീക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌ക്കാരം വിതരണം ചെയ്തത്. അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നും പ്രതിഷേധക്കാര്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കാട്ടി അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ ഓഫീസിനും സര്‍ക്കാരിനും കത്ത് നല്‍കിയിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതുതന്നെയാണ്.

എന്നാല്‍ റിഹേഴ്‌സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്‌സലില്‍ നല്‍കിയിരുന്നു.

അതേസമയം, പ്രതിഷേധത്തിനിടെയും കേരളത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജ്, ഗായകനുള്ള പുരസ്‌കാരം നേടിയ കെ.ജെയേശുദാസ്, മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടിയ നിഖില്‍ എസ്.പ്രവീണ്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുന്നില്ലെങ്കില്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ നേരത്തെ നല്‍കിയ നിവേദനത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു. എന്നാല്‍, അവസാന നിമിഷം ഇരുവരും അവാര്‍ഡ് സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Top