ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം: രാഷ്ട്രപതിക്ക് അതൃപ്തി

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇക്കാര്യത്തിലുണ്ടായ അതൃപ്തി രാഷ്ട്രപതിഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുമെന്ന്‌ ആഴ്ചകള്‍ക്കു മുന്നേ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇതിനെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിക്കുകയായിരുന്നു. ഇതിലൂടെ രാഷ്ട്രപതി ഭവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയായിരുന്നെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ വിഷയത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രതിസ്ഥാനത്തായി. സാധാരണയായി രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കു ബന്ധപ്പെട്ട മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണപത്രം കൈമാറുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഈ പതിവുണ്ടായില്ല.
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കാന്‍ മന്ത്രാലയം സെക്രട്ടറിയാണ് എത്തിയതെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.

Top