രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ല; ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ട്: കേന്ദ്ര മന്ത്രി

ഡൽഹി: രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ . ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. സ്റ്റോക്ക് തുടർച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ പ്രധാന കൽക്കരി വിതരണ സ്ഥാപനമായ കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബീഹാറിലും ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ് .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു .ദില്ലിക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ കൽക്കരി ഉറപ്പാക്കണമെന്നാണ് ആവശ്യം. നിലവിൽ ദില്ലിയിൽ വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രം കൽക്കരി ശേഖരമുള്ള സാഹചര്യത്തിലാണ് കത്തയച്ചത്

Top