തമിഴില്‍ വീണ്ടും ശ്രദ്ധ നേടാന്‍ കാളിദാസ്; പാ രഞ്ജിത്ത് ചിത്രത്തിലെ വീഡിയോ ഗാനം

പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനാവുന്ന ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. ദുഷറ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ കലൈയരശനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. രംഗരത്തിനം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അറിവ് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് തെന്‍മ. എം എസ് കൃഷ്ണ, ഗാന മുത്തു, സംഗീത സന്തോഷം, കവിത ഗോപി, കാര്‍ത്തിക് മിണിക്കവസാകം എന്നിവരാണ് പാടിയിരിക്കുന്നത്.

ഹരികൃഷ്ണന്‍, വിനോദ്, സുബത്ര റോബന്‍ട്ട്, ഷബീര്‍ കല്ലറയ്ക്കല്‍, റെജിന്‍ റോസ്, ദാമു, ജ്ഞാനപ്രസാദ്, വിന്‍സു റേച്ചല്‍ സാം, അര്‍ജുന്‍ പ്രഭാകരന്‍, ഉദയ സൂര്യ, സ്റ്റീഫന്‍ രാജ്, ഷെറിന്‍ സെലിന്‍ മാത്യു, മനിസ റൈട്ട് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിഷോര്‍ കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് സെല്‍വ ആര്‍ കെ ആണ്. കലാസംവിധാനം എല്‍ ജയരാജു, സൌണ്ട് ഡിസൈന്‍ ആന്‍റണി ബി ജെ റൂബന്‍, സംഘട്ടനം സ്റ്റണ്ണര്‍ സാം.

ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സര്‍പട്ട പരമ്പരൈയ്ക്കു ശേഷം പാ രഞ്ജിത്തിന്‍റേതായി എത്തുന്ന ചിത്രമാണ് ഇത്. റൊമാന്‍റിക് ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം പാ രഞ്ജിത്തിന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കുമെന്നാണ് പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. അരങ്ങേറ്റ ചിത്രമായിരുന്ന ആട്ടക്കത്തിക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ഡ്രാമയുമാണ് ഇത്. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്ജിത്ത്, വിഘ്നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്. ഓ​ഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Top