ആണവനിലയത്തിലെ സ്ഫോടനം: ആക്രമണമല്ല, പരീക്ഷണമാണെന്ന് ഇറാൻ

റാനിലെ പ്രശസ്തമായ നാടാൻസ് ആണവ കേന്ദ്രത്തിൽ പൊടുന്നനെയുണ്ടായ സ്ഫോടനം ആശങ്കയുണർത്തി. ഇറാൻ ആണവക്കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കവേ അവിചാരിതമായി നടന്ന സ്ഫോടനത്തിനു പിന്നിൽ ഇസ്രയേലിന്റെ പങ്കുണ്ടോ എന്നായിരുന്നു ആദ്യമുയർന്ന സംശയം. ഇറാൻ ആണവ നടപടികളുമായി മുന്നോട്ടു പോയാൽ ആക്രമിക്കുമെന്ന് ഇസ്രയേൽ അടുത്തിടെയായി പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നുള്ളതാണ് ഇതിനു കാരണം. എന്നാൽ സംഭവം ആക്രമണമെല്ലെന്നും പരീക്ഷണമാണെന്നും ഇറാൻ അധികൃതർ തന്നെ പിന്നീട് പ്രസ്താവനയിറക്കി.

ശനിയാഴ്ച രാത്രി എട്ടേകാലിനായിരുന്നു സ്ഫോടനം. വലിയ ശബ്ദവും തീജ്വാലകളും ഉടലെടുത്തു. ഇതിനിടെ ആണവനിലയത്തിനു സമീപത്തു കൂടി പോയ ഡ്രോൺ നിലയത്തിലെ മിസൈൽ പ്രതിരോധ സംവിധാനം എയ്തിട്ടതാണെന്ന അഭ്യൂഹവും ഉയർന്നു. ഇത്തരത്തിൽ ഒരു മിസൈൽ ശേഷി പരിശോധനയുടെ ഭാഗമായി തൊടുത്തിരുന്നെന്നും എന്നാൽ ഡ്രോണുകളൊന്നും നിലയത്തിനു സമീപം വന്നിരുന്നില്ലെന്നും പിന്നീട് പുറത്തറിഞ്ഞു.

ഈ വർഷം ആദ്യം നാടാൻസ് ആണവ നിലയത്തി‍ൽ ഒരു വലിയ സ്ഫോടനം നടന്നിരുന്നു. ഇതേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇസ്രയേലി പത്രമായ ജ്യൂയിഷ് ക്രോണിക്കിൾ ദിവസങ്ങൾക്കു മുൻപ് പുറത്തുവിട്ടിരുന്നു. പത്തോളം ഇറാനിയൻ ശാസ്ത്രജ്ഞരെ ഉപയോഗിച്ച് ഇസ്രയേലി ചാരസംഘനയായ മൊസാദാണ് ആണവ നിലയത്തിൽ സ്ഫോടനം നടത്തിയതെന്നാണു ക്രോണിക്കിൾ പുറത്തുവിട്ട വാർത്ത. തങ്ങൾ ഇസ്രയേലിനു വേണ്ടിയാണു പ്രവർത്തിക്കുന്നതെന്ന് ആ ശാസ്ത്രജ്​ഞർ തിരിച്ചറിഞ്ഞില്ലെന്നും റിപ്പോർട്ട് പറയുന്നു.

സ്ഫോടകവസ്തുക്കൾ, അതിസുരക്ഷാ മേഖലയായ നടാൻസിൽ എത്തിക്കാൻ വൻപദ്ധതിയാണ് ഇസ്രയേൽ നടത്തിയത്. കാറ്ററിങ് ട്രക്കുകളിലെത്തിച്ച ശേഷം ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ ഉള്ളിലെത്തിച്ചെന്നും ശാസ്ത്രജ്ഞർ അവിടെനിന്ന് ഏറ്റുവാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.

മധ്യ ഇറാനിൽ സ്ഥിതി ചെയ്യുന്ന ഇസ്ഫാഹാൻ പ്രവിശ്യയിലാണ് നാടാൻസ് ആണവനിലയം. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റായ നാടാൻസിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്. 2015ൽ ഉടമ്പടിയെത്തുടർന്ന് നിർത്തിവച്ചിരുന്ന യുറേനിയം സമ്പുഷ്ടീകരണം ഈ വർഷം മുതൽ ഇറാൻ വീണ്ടും തുടങ്ങിയിരുന്നു.ഈ നിലയത്തിൽ സൈബർ ആക്രമണങ്ങളും സ്പൈവേർ ഉപയോഗിച്ചുള്ള വൈദ്യുതി മുടക്കവും നടന്നത് വലിയ വാർത്തയായിരുന്നു.

Top