മറ്റൊരു ഭൂമി നിലവിലുണ്ടോ? നാസയുടെ പര്യവേഷക ഉപഗ്രഹം ചിത്രങ്ങള്‍ പുറത്തു വിട്ടു

വാഷിംഗ്ടണ്‍: നാസയുടെ ഏറ്റവും പുതിയ ഉപഗ്രഹ പര്യവേഷക സംവിധാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ലഭിച്ചു. ടെസ് എന്ന ടെലിസ്‌കോപിക് ഉപഗ്രഹത്തിന്റെ പക്കല്‍ നിന്നാണ് ഇപ്പോള്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിവിധ തരത്തിലുള്ള നക്ഷത്രങ്ങള്‍, മറ്റ് ആകാശ വസ്തുക്കള്‍ തുടങ്ങി നിരവധി വിവരങ്ങളാണ് ചിത്രത്തില്‍ നിന്നും ലഭിക്കുന്നത്. കൂടുതല്‍ ഗ്രഹങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ പഠനങ്ങളും ചിത്രങ്ങളും സഹായിക്കുമെന്നാണ് നാസയിലെ വിദഗ്ധര്‍ പറയുന്നത്.

ഏറ്റവും പുതിയ സാങ്കേതി വിദ്യയിലുള്ള ക്യാമറകളാണ് ടെസ്സ് ഉപയോഗിക്കുന്നതെന്നും വിചാരിച്ചതിലും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും നാസ ഉദ്യോഗസ്ഥനായ ഹെഡ്‌സ് പറഞ്ഞു. മറ്റൊരു ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസിന്റെ നാല് ക്യാമറ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി 30 മിനിറ്റുകൊണ്ട് എടുത്ത ചിത്രമാണ് ഇപ്പോള്‍ ലഭിച്ചത്. ആഗസ്റ്റ് 7നാണ് ചിത്രമെടുത്തത്.

പന്ത്രണ്ടോളം നക്ഷത്ര വ്യൂഹങ്ങള്‍ ഉള്‍പ്പെട്ടതാണ് ചിത്രം. നമ്മുടെ ഗ്യാലക്‌സികളുടെ അടുത്തു കിടക്കുന്ന മറ്റുള്ളവയെക്കുറിച്ചുള്ള വിശദമായ പഠനത്തിന് വരും ദിവസങ്ങളില്‍ സാധിച്ചേക്കും. ഗ്രഹങ്ങളുടെ ഭ്രമണത്തെക്കുറിച്ച് മനസ്സിലാക്കാനും ചിത്രങ്ങളില്‍ നിന്നും സാധിക്കുന്നു.

നാസയുടെ കെപ്ലര്‍ ദൗത്യത്തേക്കാളും വലിയ ദൗത്യമാണ് ടെസിന്റേത്. ഭൂമിയില്‍ നിന്നു 30 മുതല്‍ 300 പ്രകാശവര്‍ഷങ്ങള്‍ അകലെ വരെയുള്ള താരാപഥമാണു ടെസ് നിരീക്ഷിക്കുക. ടെസ് കണ്ടുപിടിക്കുന്ന ഗ്രഹങ്ങളില്‍ 300 എണ്ണത്തോളം ഭൂമിയുമായി സാമ്യം പുലര്‍ത്തുന്നവയാകുമെന്നാണു നാസയുടെ പ്രതീക്ഷ. വടക്കും തെക്കുമായി ആകാശത്തെ 26 മേഖലകളായി തിരിച്ചാണ് ടെസിന്റെ പ്രവര്‍ത്തനം. കരുത്തുറ്റ ക്യാമറകള്‍ വഴി 85 ശതമാനം ആകാശവും ടെസ് നിരീക്ഷിക്കും.

രണ്ട് വര്‍ഷത്തോളമാണ് ടെസിന്റെ പര്യടന കാലാവധി. അതിനുള്ളില്‍ വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് നാസ.

Top