ന്യൂയോര്‍ക്: ഭൂമിക്കു പുറത്ത് ജീവനുണ്ടെന്ന് കരുതുന്നതായി നാസ. പ്രപഞ്ചത്തില്‍ ജീവസാധ്യതയുള്ള ഗ്രഹം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും നാസ മേധാവി ബില്‍ നെല്‍സണ്‍ പറഞ്ഞു. അജ്ഞാതപേടകങ്ങളെക്കുറിച്ചുള്ള നാസയുടെ പഠനങ്ങളും നിഗമനങ്ങളും റിപ്പോര്‍ട്ടായി പുറത്തിറക്കുകയായിരുന്നു അദ്ദേഹം. യുഎഫ്ഒ പ്രതിഭാസങ്ങള്‍ യുഎസിന്റെ വ്യോമസുരക്ഷയ്ക്ക് ഹാനികരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അജ്ഞാത പേടകങ്ങള്‍ക്ക് അന്യഗ്രഹജീവികളുമായി ബന്ധമുണ്ടോയെന്ന് അറിയില്ല. അടുത്തിടെ വളരെ വിശ്വാസ്യതയുള്ള വ്യക്തികളില്‍ നിന്ന് പോലും അജ്ഞാത പേടകങ്ങള്‍ കണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഈ പേടകങ്ങളെന്താണെന്നും വ്യക്തമല്ല. അന്യഗ്രഹജീവികളെക്കുറിച്ച് നൂതന സാങ്കേതികവിദ്യകള്‍, ബഹിരാകാശ പേടകങ്ങള്‍. തുടങ്ങിയവ ഉപയോഗിച്ച് പഠനം നടത്തണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അജ്ഞാതപേടകങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനായി പ്രത്യേകമൊരു ഗവേഷണ ഡയറക്ടറെ നിയമിച്ചെന്നും നാസ അറിയിച്ചു. ശാസ്ത്രലോകം ദീര്‍ഘകാലമായി കാത്തിരുന്ന റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് നാസ പുറത്തുവിട്ടത്. അജ്ഞാത പേടകങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് 33 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി പുതിയ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടതുണ്ട്.
”അണ്‍ഐഡന്റിഫൈഡ് ഏരിയല്‍ ഫിനോമിനന്‍ (യുഎപി) ഭൂമിക്കപ്പുറത്തു നിന്നുള്ളതാണെന്ന നിഗമനത്തിലെത്താന്‍ തക്ക കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. യുഎഫ്ഒമായി ബന്ധപ്പെട്ട പല ചിത്രങ്ങളും മറ്റും ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ നിഗമനത്തിലേക്ക് എത്താന്‍ മാത്രമുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. യുഎപികളെക്കുറിച്ചുള്ള പഠനത്തിനായി പുതിയ പാനല്‍ രൂപീകരിച്ച് പുതിയ ഡയറക്ടറെ നിയമിക്കണം”- റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രപഞ്ചത്തില്‍ മറ്റു സ്ഥലത്ത് ജീവന്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സന്‍ പറഞ്ഞു.